പത്തനാപുരം:പത്തനാപുരത്തെ സി. പി. എം - സി. പി. ഐ സംഘർഷത്തിൽ നൂറ്റൻപതു പേർക്കെതിരെ കേസെടുത്ത പൊലീസ് രണ്ട് സി. പി. എം പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
മഞ്ചള്ളൂർ കാരൂട് മുഹമ്മദാലി, പുന്നല പാലേരിൽ സുധീർ എന്നിവരാണ് അറസ്റ്റിലായത്.
സി. ഐ. ടി. യു പ്രവർത്തകരായ എട്ടു മത്സ്യകയറ്റിറക്ക് തൊഴിലാളികൾ എ.ഐ. ടി. യു. സി യൂണിയനിൽ ചേർന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചത്.സി. പി. എം ഏരിയ കമ്മിറ്റിയംഗം ബിനു ഡാനിയേൽ,ഡെൻസൻ വർഗീസ്,പ്രകാശ് കുമാർ,കരുണാകരൻ,സജു,മനു,ബിജു, സി.പി.ഐ പ്രവർത്തകരായ മുഹമ്മദ് ഇല്യാസ്,ശംഭു, നജീബ്,ഷുക്കുറുദ്ദീൻ,നിഷാദ്, പൊലീസുകാരായ അനൂപ് സാഗർ,സാബു,പ്രവീൺ നായർ എന്നിവർക്കാണ് സംഘർഷത്തിലും, ലാത്തിച്ചാർജിലും പരിക്കേറ്റത്.സാരമായി പരിക്കേറ്റ ഡെൻസനെ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
എ. ഐ. ടി. യു സിയിൽ ചേർന്ന തൊഴിലാളികൾ മത്സ്യമിറക്കുവാനെത്തിയത് ചൊവ്വാഴ്ച രാത്രി സി. പി. എം പ്രവർത്തകർ തടയുകയായിരുന്നു.പൊലീസെത്തി നേതാക്കൻമാരുമായി ചർച്ച നടത്തുന്നതിനിടെ സംഘർഷമുണ്ടാകുകയായിരുന്നു. പ്രവർത്തകർ പൊലീസ് വാഹനവും സ്വകാര്യ വാഹനങ്ങളും സ്ഥാപനങ്ങളും ഫ്ലക്സ് ബോർഡുകളും തകർത്തു.ഇതോടെയാണ് പൊലീസ് ലാത്തി വീശിയത്.പ്രദേശത്ത് കുറേനാളായി സി. പി. എമ്മും,സി. പി. ഐയും രണ്ടുതട്ടിലാണ്.അടുത്തിടെ നിരവധി സി. പി. എം പ്രവർത്തകർ സി. പി. ഐയിൽ ചേർന്നിരുന്നു.ഇന്ന് വെെകുന്നേരം സി.പി.ഐ നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേരും.