കരുനാഗപ്പള്ളി: ആർത്തിയുടെ സംസ്കാരത്തിന് മാറ്റംവരുത്താൻ ഗാന്ധിയൻ ലാളിത്യവും സ്വാശ്രയത്വവും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് അഖിലേന്ത്യ ഗാന്ധി സ്മാരക നിധി ട്രസ്റ്റി കെ.ജി. ജഗദീശൻ അഭിപ്രായപ്പെട്ടു. ഗാന്ധി-കസ്തൂർബാ നൂറ്റിയമ്പതാമത് ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തിനൊരു ഗാന്ധിയൻ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന ശിൽപ്പശാല കരുനാഗപ്പള്ളി ലാലാജി സ്മാരക ഗ്രന്ഥശാലാ ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിംബവൽക്കരിക്കപ്പെട്ട ഗാന്ധിയിൽ നിന്ന് രാഷ്ട്രീയ ഗാന്ധിയെ വീണ്ടെടുക്കുക വഴി മാത്രമേ വർത്തമാനകാല ഭാരതം നേരിടുന്ന പ്രതിസന്ധികളെ മറികടക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ മോഡറേറ്ററായിരുന്നു. സർവോദയ മണ്ഡലം സംസ്ഥാന സെക്രട്ടറി രാജീവ് മുരളി, മുൻ സെക്രട്ടറി യോഹന്നാൻ ആന്റണി, വിവിധ സംഘടനാ പ്രതിനിധികളായ ഉല്ലാസ് കോവൂർ, ജി. മഞ്ജുക്കുട്ടൻ, വരുൺ ആലപ്പാട്, കെ. സുനിൽകുമാർ, പി.സി. ജോൺ, ആർ. സനജൻ, കോടിയാട്ട് രാമചന്ദ്രൻ പിള്ള, മുഹമ്മദ് സലിംഖാൻ, റാഫി എന്നിവർ പ്രസംഗിച്ചു.