ചാത്തന്നൂർ: ഭൂതക്കുളം ഗ്രാമപഞ്ചായത്തിൽ കലയ്ക്കോട് പട്ടമ്പിൽ പ്രദേശത്ത് പണികഴിപ്പിച്ച അംഗൻവാടി കെട്ടിടം കാടുകയറി ഉപയോഗ ശൂന്യമായിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലന്ന് ഐ.എൻ.ടി.യു.സി ഭൂതക്കുളം മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. നിലവിൽ വാടക കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത ഈ കെട്ടിടത്തിൽ നിന്ന് അംഗൻവാടി പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു. അധികൃതർ നടപടി സ്വീകരിക്കാത്ത പക്ഷം പഞ്ചായത്ത് പടിക്കൽ ധർണ ഉൾപ്പെടെയുള്ള സമര പരിപാടികൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അനിൽകുമാർ, രതീഷ് ഭൂതക്കുളം, വി.കെ. സുനിൽകുമാർ, നെല്ലേറ്റിൽ ബാബു, ഷൈജു ബാലചന്ദ്രൻ, സഞ്ജയൻപിള്ള, കലയ്ക്കോട് സുനിൽ, നൗഷാദ്, വിജയചന്ദ്രകുറുപ്പ് എന്നിവർ സംസാരിച്ചു.