ചാത്തന്നൂർ: ചാത്തന്നൂർ എം. ഇ. എസ്.എൻജിനീയറിംഗ് കോളേജിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് കുത്തേറ്റു. എസ്.ഫ്.ഐ ഏരിയ പ്രസിഡന്റ് വിനീത് (24), സെക്രട്ടറി അഭിറാം (24),പോപ്പുലർ ഫ്രണ്ട് കൊട്ടിയം ഏരിയ സെക്രട്ടറി റമീസ് (38), എസ്.ഡി.പി.ഐ. കൂട്ടിക്കട ബ്രാഞ്ച് വൈസ് പ്രസിഡന്റ് അഷ്കർ (43) എന്നിവർക്കാണ് കുത്തേറ്റത്. നെഞ്ചിൽ കുത്തേറ്റ വിനീതിനെയും അഭിറാമിനെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേരെയും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മിയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കാേളേജിലും പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോളേജിനു മുന്നിൽ കൊടിമരം സ്ഥാപിക്കാൻ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ മുതിർന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

വൈകുന്നേരം കോളേജ് വിട്ട സമയത്ത് കാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊടിമരം നാട്ടിയപ്പോൾ എസ്.എഫ്.ഐ അനുകൂല വിദ്യാർത്ഥികൾ കൂവിവിളിച്ചു. അതോടെ കാമ്പസ് ഫ്രണ്ട് പ്രവർത്തകരും അവരെ അനുകൂലിച്ച് പുറത്ത് നിന്നെത്തിയവരും കാമ്പസിൽ കടന്ന് വാക്കേറ്റമായി. ഇതിനിടയിൽ എസ്.ഫ്.ഐ നേതാക്കളായ വിനീതിനും അഭിറാമിനും കുത്തേറ്റു.

പിന്നാലെയാണ് റമീസിനും അഷ്കറിനും കുത്തേറ്റത്. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.