പുനലൂർ: കരവാളൂർ വൈദ്യുതി സെക്ഷന്റെ നിയന്ത്രണത്തിൽ നിരപ്പത്തെ പാതയോരത്ത് സ്ഥിതി ചെയ്യുന്ന തെരുവ് വിളക്ക് ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നത് വാഹന യാത്രക്കാർക്കും കാൽ നടയാത്രക്കാർക്കും അപകട ഭീഷണിയാകുന്നു. പാതയോരത്തെ സിമന്റ് പോസ്റ്റിൽ സ്ഥാപിച്ചിരുന്ന സ്ട്രീറ്റ് ലൈറ്റ് ഒടിഞ്ഞു തൂങ്ങിയിട്ട് ഏകദേശം ഒരു മാസം പിന്നിടുന്നു. കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതു മൂലം ഒടിഞ്ഞു തൂങ്ങിയ സ്ട്രീറ്റ് ലൈറ്റ് ഏത് സമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ഇതിന്റെ കീഴിലൂടെയാണ് കാൽ നടയാത്രക്കാരും വാഹനങ്ങളും ദിനംപ്രതി കടന്നുപോകുന്നത്. പുനലൂർ - മാത്ര റോഡിൽ നിന്ന് പിറയ്ക്കൽ, കരവാളൂർ ഭാഗങ്ങളിലേക്ക് കടന്ന് പോകുന്ന സമാന്തര പാതയോരത്തെ തെരുവ് വിളക്കാണ് ഒടിഞ്ഞു തൂങ്ങിയത്. നാട്ടുകാർ അധികൃതരെ വിവരമറിയിച്ചെങ്കിലും നടപടി വൈകുകയാണെന്ന ആക്ഷേപം ശക്തമാണ്. നിരപ്പത്തെയും സമീപ പ്രദേശങ്ങളിലെയും കർഷകർ അടക്കമുള്ളവർ കരവാളൂരിലെ മാർക്കറ്റിലും വ്യാപാരശാലകളിലും കടന്നുപോകുന്നത് ഈ സ്ട്രീറ്റ് ലൈറ്റിന് കീഴിലൂടെയാണ്. ഒടിഞ്ഞു തൂങ്ങിയ തെരുവ് വിളക്ക് അഴിച്ച് മാറ്റി അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ തയ്യാറാകാത്തത് ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.