d
മാലിന്യ നിക്ഷേപ കേന്ദ്രമായി ഡി.സി.സി റോഡ്

കൊല്ലം: കൊല്ലം റെയിൽവേ ഓവർബ്രിഡ്ജിലൂടെ ബീച്ചീലേക്ക് എത്തുന്നവർ മൂക്കു പൊത്തി വേണം ഇതുവഴി വരാൻ. ഡി.സി.സി റോഡിലും പരിസര പ്രദേശങ്ങളിലും കുന്നുകൂടിക്കിടക്കുന്ന മാലിന്യം ഇതുവഴി സഞ്ചരിക്കുന്ന യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇവിടത്തെ മാലിന്യ നിക്ഷേപം ദിനംപ്രതി വർദ്ധിച്ചു വരുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. കനത്ത മഴയായാലും പൊരി വെയിലായാലും ഇവിടത്തെ മാലിന്യ നിക്ഷേപത്തിന് മാത്രം ഒരു കുറവുമില്ല. വലിയ പ്ലാസ്‌റ്റിക്ക് കവറുകളിലാക്കിയാണ് ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെയുള്ള ദിവസങ്ങൾ പഴക്കമുള്ള മാലിന്യങ്ങൾ ഇവിടെ തള്ളുന്നത്. എല്ലാ പ്രശ്നങ്ങൾക്കും ഉടൻ തന്നെ പരിഹാരമുണ്ടാക്കാം എന്ന സ്ഥിരം പല്ലവി തന്നെയാണ് ഇക്കാര്യത്തിലും അധികൃതർ പറയുന്നത്.


തെരുവ് നായ്ക്കൾ വ്യാപകം

മാലിന്യനിക്ഷേപം പതിവായതോടെ ഇവിടം തെരുവു നായ്‌ക്കളുടെ പ്രധാന വിഹാര കേന്ദ്രമായി മാറിയിട്ടുണ്ട്. റോഡരികിൽ നിന്ന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിന്റെ മദ്ധ്യഭാഗത്തുവരെ തെരുവ് നായ്ക്കൾ മാലിന്യങ്ങൾ വലിച്ചിഴച്ച നിലയിലാണ്. നിരന്തരം വാഹനങ്ങൾ പോകുന്ന റോഡായതിനാൽ കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. മാലിന്യങ്ങളുടെ രൂക്ഷഗന്ധം മൂലം ഇതുവഴി സഞ്ചരിക്കാനാകാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു.

ടൂറിസത്തെയും ബാധിക്കും

ടൂറിസത്തിന്റെ ഭാഗമായി നഗരസഭ ബീച്ചുകളും പാർക്കുകളും നവീകരിക്കുമ്പോൾ മാലിന്യപ്രശ്നം പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണുണ്ടാക്കുന്നത്. പാർക്ക്, കോടികൾ ചെലവഴിച്ച് പണി കഴിപ്പിച്ച അക്വേറിയം എന്നിവയാണ് കൊല്ലം ബീച്ചിലെത്തുന്നവർക്കായി സജ്ജീകരിച്ചിരിക്കുന്നത്. പ്രദേശത്തെ ഇത്തരം മാലിന്യ നിക്ഷേപം ടൂറിസം സാദ്ധ്യതകളെയും പ്രതികൂലമായി ബാധിക്കും.