സെപ്തംബർ ആദ്യവാരം ഇന്റലിജന്റ് എൽ.ഇ.ഡികൾ സ്ഥാപിച്ച് തുടങ്ങും
കൊല്ലം: തെരുവ് വിളക്കുകൾ അണയാത്ത നഗരമെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. സെപ്തംബർ ആദ്യവാരം മുതൽ നഗരത്തിലെ എല്ലാ തെരുവ് വിളക്കുകളും ഇന്റലിജന്റ് എൽ.ഇ.ഡികളാക്കും. കഴിഞ്ഞ വർഷം ഡിസംബറിൽ പദ്ധതിക്ക് സർക്കാർ അനുമതി നൽകിയെങ്കിലും നടപ്പാക്കുന്നത് നീണ്ടു പോവുകയായിരുന്നു. മുംബയ് ആസ്ഥാനമായുള്ള ഇ - സ്മാർട്ട് സൊലൂഷൻസ് എന്ന സ്ഥാപനമാണ് പദ്ധതി നടപ്പാക്കുന്നത്. കമ്പനിയുമായുള്ള കരാർ പ്രകാരം നഗരത്തിൽ നിലവിലുള്ള എല്ലാ സോഡിയം വേപ്പർ ലാമ്പുകളും ട്യൂബ് ലൈറ്റുകളും മാറ്റി കമ്പനി സ്വന്തം ചെലവിൽ 23,700 പുതിയ എൽ.ഇ.ഡി ലൈറ്റുകളിടും. ഓരോ സ്ഥലത്തും ആവശ്യമുള്ള പ്രകാശത്തിന്റെ അളവനുസരിച്ച് 15 മുതൽ 90 വാട്സ് വരെയുള്ള എൽ.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിക്കുക. കേടാവുന്ന തെരുവ് വിളക്കുകൾ 48 മണിക്കൂറിനുള്ളിൽ നന്നാക്കിയില്ലെങ്കിൽ കമ്പനി നിശ്ചിത തുക നഗരസഭയ്ക്ക് പിഴ നൽകും. പത്ത് വർഷത്തേയ്ക്കാണ് നഗരസഭയുടെ കമ്പനിയുമായുള്ള കരാർ.
തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള സർവേ അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്. നഗരപരിധിയിൽ 10 ഇലക്ട്രിക് സെക്ഷനുകളാണുള്ളത്. ഓരോ സെക്ഷനിലെ എല്ലാ തെരുവ് വിളക്കുകളും എൽ.ഇ.ഡി ആക്കിയ ശേഷമാകും അടുത്ത സ്ഥലത്തേക്ക് പോവുക.
നഗരസഭയ്ക്ക് ലക്ഷങ്ങൾ ലാഭം
നിലവിലെ ഭരണസമിതിയുടെ കാലയളവിൽ നാലായിരത്തോളം എൽ.ഇ.ഡി ലൈറ്റുകൾ വാങ്ങിയിരുന്നു. ഇന്റലിജന്റ് എൽ.ഇ.ഡി പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പുതിയ ലൈറ്റുകൾ വാങ്ങാൻ നഗരസഭയ്ക്ക് പണം ചെലവാക്കേണ്ടി വരില്ല. ഏതെങ്കിലും എൽ.ഇ.ഡി കേടായാൽ കമ്പനി സ്വന്തം ചെലവിൽ മാറ്റി സ്ഥാപിക്കും. വൈദ്യുതി ചാർജിനത്തിൽ കെ.എസ്.ഇ.ബിക്ക് അടയ്ക്കുന്ന 31.05 ലക്ഷവും അറ്റകുറ്റപ്പണിക്ക് ചെലവിടുന്ന 5 ലക്ഷം രൂപയും പ്രതിമാസം സ്വകാര്യ കമ്പനിക്ക് നൽകിയാൽ മതിയാകും.
ഊർജ്ജലാഭം
ഇന്റലിജന്റ് എൽ.ഇ.ഡികൾ വരുന്നതോടെ വൈദ്യുതി ഉപഭോഗം വൻതോതിൽ കുറയും. ഒാരോ സ്ഥലത്തും ആവശ്യമുള്ള പ്രകാശത്തിന്റെ അളവനുസരിച്ച് വ്യത്യസ്ത വാട്സിലുള്ള എൽ.ഇ.ഡിയാണ് സ്ഥാപിക്കുന്നത്. ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടെ കേടായ ലൈറ്റുകൾ കണ്ടെത്തുന്നതിന് പുറമേ ഓരോ സമയത്തും പ്രകാശം ക്രമീകരിച്ചും വൈദ്യുതി ഉപഭോഗം കുറയ്ക്കാം.
23,700 പുതിയ എൽ.ഇ.ഡി ലൈറ്റുകൾ നഗരത്തിൽ സ്ഥാപിക്കും
10 വർഷത്തേയ്ക്കാണ് നഗരസഭയുടെ കമ്പനിയുമായുള്ള കരാർ
10 ഇലക്ട്രിക് സെക്ഷനുകളാണ് നഗരപരിധിയിലുള്ളത്
15 മുതൽ 90 വാട്സ് വരെയുള്ള എൽ.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിക്കുന്നത്