കുന്നത്തൂർ:ട്രെയിനിൽ നിന്നും കളഞ്ഞുകിട്ടിയ ഒരു ലക്ഷം രൂപയും സ്വർണാഭരണങ്ങളും സർട്ടിഫിക്കറ്റുകളും അടങ്ങിയ ബാഗ് ഉടമയ്ക്ക് കൈമാറി ചാനൽ ജീവനക്കാരൻ മാതൃകയായി. ശാസ്താംകോട്ട മനക്കര സ്വദേശിയും ജനം ടിവിയിൽ ഓഡിയോ എൻജിനീയറുമായ ആർ.പദ്മചന്ദ്രപ്രകാശിനാണ് ബാഗ് ലഭിച്ചത്.കഴിഞ്ഞ ദിവസം ഐലന്റ് എക്സ് പ്രസിൽ ശാസ്താംകോട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുമ്പോഴാണ് തൊട്ടടുത്ത സീറ്റിൽ ബാഗ് കണ്ടത്. തിരുവനന്തപുരത്തെത്തിയിട്ടും ഉടമ എത്താതിരുന്നതിനെ തുടർന്ന് ബാഗ് തമ്പാനൂരിലെ റെയിൽവേ പൊലീസിന് കൈമാറി. ചെന്നൈയിലെ അഭിഭാഷകൻ ദുരൈ രാമചന്ദന്റേതാണ് ബാഗെന്ന് രേഖകളിൽ നിന്നു കണ്ടെത്തി.ഉടമയെ കണ്ടെത്താനും പദ്മചന്ദ്രപ്രകാശ് തന്നെ മുന്നിട്ടിറങ്ങി. ഇന്നലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആർ.പി.എഫ് അധികൃതരിൽ നിന്ന് ദുരൈ രാമചന്ദ്രൻ ബാഗ് ഏറ്റു വാങ്ങി.പദ്മചന്ദ്രപ്രകാശിന് നന്ദി അറിയിച്ചാണ് ദുരൈ ചെന്നൈയിലേക്ക് മടങ്ങിയത്.