# കേരളകൗമുദി 'എന്റെ സ്കൂൾ" സ്നേഹസംഗമം
കൊട്ടിയം: പഴക്കവും പാരമ്പര്യവും പേരും പെരുമയും ചാർത്തിയ മയ്യനാട് ഹയർസെക്കൻഡറി സ്കൂളിലെ ഒരുകൂട്ടം പൂർവ അദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും ഇന്നലെ ഒത്തു ചേർന്നു. ജീവിതത്തിന്റെ നാനാ മേഖലകളിൽ വിരാജിക്കുന്ന അവർ തങ്ങളുടെ ഗതകാല ഓർമ്മകൾ അയവിറക്കി. ഈ അപൂർവസംഗമത്തിന് അവസരമൊരുക്കിയത് കേരളകൗമുദി. സ്കൂളിലെ അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും സഹകരണത്തോടെ കേരളകൗമുദി 'എന്റെ സ്കൂൾ ' എന്ന പേരിൽ സംഘടിപ്പിച്ച സ്നേഹസംഗമം മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിന് നവ്യാനുഭവമായി. സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നവോത്ഥാനത്തിനും സാംസ്ക്കാരികമായ ഉന്നമനത്തിനും ചാലകമായി പ്രവർത്തിച്ച പത്രമാണ് കേരളകൗമുദിയെന്ന് എം.നൗഷാദ് പറഞ്ഞു. 108 വർഷം മുമ്പ് കേരളകൗമുദി ജന്മം കൊണ്ടത് മയ്യനാടിന്റെ മണ്ണിലാണ്. മയ്യനാടിന്റെ വികസനത്തിൽ കേരളകൗമുദി വഹിച്ച പങ്ക് നിസ്തുലമാണ്. നൂറ്റി ആറ് വർഷം പിന്നിടുന്ന മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ ഒട്ടേറെ പ്രഗൽഭമതികളെ സംഭാവന ചെയ്ത വിദ്യാലയമാണ്. ഇവിടത്തെ പൂർവവിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശംസനീയമായ സേവനം അനുഷ്ഠിച്ച് അംഗീകാരം നേടുന്നുണ്ട്. ആയിരങ്ങൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകി ജീവിത വിജയത്തിന്റെ പാത തുറന്നു കൊടുത്ത വിദ്യാലയമാണ് മയ്യനാട് ഹയർ സെക്കന്ററി സ്കൂളെന്നും എം.നൗഷാദ് എം.എൽ.എ പറഞ്ഞു.
സ്കൂൾ മാനേജർ ബി.പി.സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. പി. ടി.എ പ്രസിഡന്റ് വി.സാബു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബി. ഹേമ, ഹെഡ്മാസ്റ്റർ ബി.ഷിബു, മുൻ ഹെഡ്മാസ്റ്റർ ഡി. ബാലചന്ദ്രൻ, പൂർവവിദ്യാർത്ഥികളായ കെ. ബേബിസൺ, ഡോ. ഷാജി പ്രഭാകരൻ, പൂർവവിദ്യാർത്ഥിയും അദ്ധ്യാപകനുമായ പ്രഭാകരൻ തമ്പി തുടങ്ങിയവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് സി.വിമൽ കുമാർ സ്വാഗതവും ഉപഹാര സമർപ്പണവും നടത്തി. കേരളകൗമുദി പരസ്യമാനേജർ ആർ.ഡി സന്തോഷ്, പി.ആർ.ഹരീഷ് തമ്പി ,യു. അനിൽകുമാർ,പട്ടത്താനം സുനിൽ, കെ.ബി. കൃഷ്ണരാജ് തുടങ്ങിയവർ സംസാരിച്ചു. 1995-96 അദ്ധ്യയന വർഷത്തെ പൂർവ വിദ്യാർത്ഥികളായ ഫ്രണ്ട്സ് ഗ്രൂപ്പ് സ്കൂളിലേക്ക് ഒരു വർഷത്തെ പ്രഭാത ഭക്ഷണത്തിനുള്ള തുക ചടങ്ങിൽ കൈമാറി. തുടർന്ന് പൂർവ വിദ്യാർത്ഥിയായ മയ്യനാട് റാഫി രചനയും സംവിധാനവും നിർവഹിച്ച 'നല്ലവരെത്തേടി' എന്ന ഷോർട്ട് ഫിലിമിന്റെ പ്രദർശനം നടന്നു.