പിടിയിലായത് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി
കൊല്ലം: ട്രെയിൻ യാത്രയ്ക്കിടെ ഉറങ്ങിയ യുവതിയുടെ മാല മോഷ്ടിച്ച യുവാവ് പിടിയിലായി. തിരുവനന്തപുരം കുടപ്പനക്കുന്ന് കൃഷ്ണയിൽ അഭിലാഷ് കൃഷ്ണനാണ് (19) പിടിയിലായത്.
ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. വഞ്ചിനാട് എക്സ്‌പ്രസ് മയ്യനാട് റെയിൽവെ സ്റ്റേഷനിൽ ക്രോസിംഗിനായി പിടിച്ചിട്ടിരുന്നപ്പോൾ തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരിയായ ജയലതയുടെ മാല പൊട്ടിച്ചെടുത്ത് പുറത്തേക്ക് ചാടുകയായിരുന്നു. ട്രെയിൻ നീങ്ങി തുടങ്ങിയപ്പോഴാണ് മാല പൊട്ടിച്ചത്. യുവതി ബഹളം വച്ചതോടെ മറ്റു യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു. യാത്രക്കാർ സ്ഥലത്താകെ പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. ഒന്നര പവൻ തൂക്കമുള്ള സ്വർണമാലയും സ്വർണം പ്ലേറ്റ് ചെയ്ത മറ്റൊരു മാലയുമാണ് നഷ്ടമായത്. ചുവന്ന ഷർട്ട് ധരിച്ചയാളാണ് മാല കവർന്നതെന്ന് ജയലത കൊല്ലം ആർ.പി.എഫിന് മൊഴി നൽകി.
ഇതിനിടെ മയ്യനാട് റെയിൽവെ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ തിരുവന്തപുരത്തേക്കുള്ള ട്രെയിനിന്റെ സമയം തിരക്കുകയായിരുന്ന അഭിലാഷിനെ സംശയത്തെ തുടർന്ന് കസ്റ്റഡിയിലെടുത്തു.പരിശോധനയിൽ ജയലതയുടെ രണ്ട് മാലകളിലൊന്നിന്റെ ചെറിയൊരു ഭാഗം പാന്റ്സിന്റെ പോക്കറ്റിൽ നിന്നും കണ്ടെടുത്തു. മയ്യനാട് റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ് ഫോമുകൾക്കിടയിലെ കുറ്റിച്ചെടികൾക്കിടയിൽ ഒളിപ്പിച്ചിരുന്ന മാലയുടെ മറ്റ് ഭാഗങ്ങളും പിന്നീട് കണ്ടെടുത്തു. മലയിൻകീഴ് ഗവ. കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അഭിലാഷ് കൃഷ്ണൻ.
തിരുവന്തപുരത്തും സമാനമായ കേസ്
തിരുവനന്തപുരം റെയിൽവെ സ്റ്രേഷന് സമീപം ട്രെയിൻ യാത്രക്കാരിയുടെ മാല കവർന്ന കേസിലെ പ്രതിയാണ് അഭിലാഷ്. സി.സി ടി.വി കാമറകളിൽ നിന്ന് അഭിലാഷിനെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായിരുന്നില്ല. ഒരു മാസം മുൻപായിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത അഭിലാഷിനെ തിരുവനന്തപുരം റെയിൽവെ പൊലീസ് അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും.