f
ശ്രീ​ ​വി​ദ്യാ​ധി​രാ​ജ​ ​ച​ട്ട​മ്പി​സ്വാ​മി​ ​ജ​യ​ന്തി​ ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്കൊ​ല്ലം​ ​താ​ലൂ​ക്ക് ​എ​ൻ.​എ​സ്.​എ​സ് ​യൂ​ണി​യ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ഗ​ര​ത്തി​ൽ​ ​ന​ട​ന്ന​ ​ശോ​ഭാ​ ​യാ​ത്ര​യി​ൽ​ ​ക​ലാ​കാ​ര​ൻ​മാ​ർ​ ​അ​വ​ത​രി​പ്പി​ച്ച​ ​നൃ​ത്തം

 എൻ.എസ്.എസ് കൊല്ലം യൂണിയൻ സംഘടിപ്പിച്ച ശോഭായാത്രയിൽ വൻ പങ്കാളിത്തം

കൊല്ലം: നഗരവഴികളിൽ ആനന്ദത്തിന്റെ പഞ്ചവാദ്യപ്പെരുമഴയ്ക്കൊപ്പം ആയിരങ്ങൾ പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജയന്തി ആഘോഷ ശോഭായാത്രയിൽ അണിചേർന്നു. എൻ.എസ്.എസ് കൊല്ലം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ആശ്രാമം മൈതാനിയിൽ നിന്ന് വൈകിട്ടാണ് ചട്ടമ്പിസ്വാമിയുടെ 166-ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി ശോഭായാത്ര ആരംഭിച്ചത്. എൻ.എസ്.എസ് പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായർ വിളക്ക് തെളിച്ച് ആശ്രാമം മൈതാനത്ത് ശോഭായാത്ര ഉദ്ഘാടനം ചെയ്‌തു. വൈകാതെ

പഞ്ചവാദ്യ സംഘത്തിന് പിന്നിൽ ചട്ടമ്പിസ്വാമികളുടെ വിഗ്രഹവുമായി ആനന്ദവല്ലീശ്വരം ലക്ഷ്യമാക്കി രഥം നീങ്ങി. പ്രധാന ബാനറിനൊപ്പം എൻ.എസ്.എസ് കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.ജി.ഗോപകുമാർ ശോഭായാത്രയ്‌ക്ക് നേതൃത്വം നൽകി. എൻ.കെ.പ്രേമചന്ദ്രൻ എം.പി, മേയർ വി.രാജേന്ദ്രബാബു, എം.നൗഷാദ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ, ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്‌ണ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ആദിക്കാട് ഗിരീഷ് തുടങ്ങിയവർ എൻ.എസ്.എസ് അംഗങ്ങൾക്കൊപ്പം ശോഭാ യാത്രയിൽ പങ്കെടുത്തു. എൻ.എസ്.എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ആദ്യം നീങ്ങിയത്. പിന്നാലെ താലൂക്ക് യൂണിയൻ പരിധിയിലെ 142 കരയോഗങ്ങളിലെയും അംഗങ്ങൾ തങ്ങളുടെ ബാനറിന് പിന്നിൽ ശോഭാ യാത്രയുടെ ഭാഗമായി. വാദ്യമേളങ്ങൾ, നാടൻകലാരൂപങ്ങൾ, അമ്മൻകുടം തുടങ്ങിയവ ശോഭാത്രയ്‌ക്ക് മിഴിവേകി. ആദ്യനിര ആനന്ദവല്ലീശ്വരത്ത് സമാപിച്ചപ്പോഴും മധ്യനിര ആശ്രാമം മൈതാനിയിൽ നിന്ന് പുറപ്പെട്ടിരുന്നില്ല. ശോഭായാത്ര കടന്ന് പോകുന്ന വഴികളിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ പാതയ്‌ക്കിരുവശവും നൂറ് കണക്കിനാളുകളാണ് ശോഭാ യാത്ര കാണാൻ കാത്തു നിന്നത്. ഇടയ്‌ക്കെത്തിയ മഴ രസം കൊല്ലിയായെങ്കിലും ശോഭായാത്ര പൂർത്തീകരിച്ചാണ് പ്രവർത്തകരെല്ലാം മടങ്ങിയത്.

 ശ്രദ്ധേയമായി വനിതാ പ്രാതിനിധ്യം

നൂറു കണക്കിന് വനിതകളുടെ പങ്കാളിത്തം ശോഭായാത്രയിൽ ശ്രദ്ധേയമായി. വിവിധ കരയോഗങ്ങളിൽ നിന്ന് ഒരേ വേഷം ധരിച്ചാണ് വനിതകളെത്തിയത്. എൻ.എസ്.എസിന്റെ സ്വർണവർണമാർന്ന പതാകയും പേറിയാണ് മിക്കവരും യാത്രയിലുടനീളം പങ്കെടുത്തത്. വനിതാ സമാജത്തിനൊപ്പം ബാലസമാജത്തിന്റെ പ്രവർത്തകരും ശോഭായാത്രയിൽ ശ്രദ്ധേയമായ പങ്കാളിത്തമുണ്ടാക്കി.