ചാത്തന്നൂർ: ചാത്തന്നൂർ എം.ഇ. എസ്.എൻജിനീയറിംഗ് കോളേജിനു മുന്നിൽ കാമ്പസ് ഫ്രണ്ടിന്റെ കൊടി നാട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് കുത്തേറ്റ കേസിൽ പൊലീസ് അറസ്റ്റു ചെയ്ത ആറുപേരെ കോടതി റിമാൻഡ് ചെയ്തു.പ്രദേശവാസികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകാരുടെ വീടുകളിലും മറ്റും പൊലിസ് റെയ്ഡ് നടത്തി.
എസ്. ഡി. പി. ഐ നേതാക്കളായ അയത്തിൽ സ്വദേശി ഷാഫി (37), ചകിരികട സ്വദേശി അൽ അമീൻ (27), തട്ടാമല സ്വദേശി സനോഫർ (32), കാമ്പസ് ഫ്രണ്ട് കൊല്ലം ഏരിയാ സെക്രട്ടറി ഫയാസ് (20), ഏരിയാ കമ്മിറ്റി അംഗം ലുക്മാൻ (21), സി.പി.എം ചാത്തന്നൂർ ലോക്കൽകമ്മിറ്റി അംഗം ബിജു (40) എന്നിവരെയാണ് പരവൂർ കോടതിയിൽ ഹാജരാക്കി റിമാന്റ്ചെയ്തത്.
സി. സി. ടി. വി ക്യാമറ പരിശോധിച്ചതിൽ നിന്നും കൂടുതൽ ആൾക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ കൂടുതൽ ആൾക്കാരെ പ്രതികളാക്കുമെന്നും പൊലിസ് പറഞ്ഞു. സിറ്റി പൊലിസ് കമ്മീഷണർ സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. കൂടുതൽ അന്വേഷണം നടന്നു വരുന്നതായി പോലിസ് പറഞ്ഞു. കുത്തേറ്റവർ ആശുപത്രകളിൽ ചികിത്സയിലാണ്.