photo
ദിവ്യപ്രഭ പ്രദക്ഷിണവുമായി കരുനാഗപ്പള്ളി യൂണിയനിലെത്തിയ ക്യാപ്ടൻ എ.സോമരാജനെ യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു

കരുനാഗപ്പള്ളി: ശ്രീനാരായണ ദിവ്യോത്സവത്തിന്റെ പ്രചാരണാർത്ഥം വാരണപ്പള്ളി ക്ഷേത്രത്തിൽ നിന്ന് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജന്റെ നേതൃത്വത്തിൽ ആരംഭിച്ച ദിവ്യപ്രഭ പ്രദക്ഷിണത്തിന് കരുനാഗപ്പള്ളി, ചവറ യൂണിയനുകളിൽ ഭക്തിനിർഭരമായ വരവേല്പ്. ഇന്നലെ വൈകിട്ട് 4ന് വാരണപ്പള്ളി ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി പ്രീതി നടേശൻ ദിവ്യപ്രഭ ക്യാപ്ടൻ എ. സോമരാജന് ദിവ്യപ്രഭ കൈമാറി.

ഗുരുദേവ കീർത്തനങ്ങൾ ആലപിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കരുനാഗപ്പള്ളി യൂണിയനിൽ എത്തിയ ദിവ്യപ്രഭ പ്രദക്ഷണത്തിന് വമ്പിച്ച വരവേൽപ്പ് നൽകി. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, യോഗം ബോർഡ് മെമ്പർമാരായ കെ.ജെ. പ്രസേനൻ, കെ.പി. രാജൻ, യൂണിയൻ കൗൺസിലർമാരായ എല്ലയ്യത്ത് ചന്ദ്രൻ, കള്ളേത്ത് ഗോപി, എം. ചന്ദ്രൻ, ബി. കമലൻ, കുന്നേൽ രാജേന്ദ്രൻ, ക്ലാപ്പന ഷിബു, കളരിയ്ക്കൽ സലിംകുമാർ, വനിതാസംഘം ഭാരവാഹികളായ മണിയമ്മ ശ്രീധരൻ, മധുകുമാരി, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ സിബു നീലികുളം, ടി.ഡി. ശരത് ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

തുടർന്ന് ചവറ യൂണിയനിൽ എത്തിയ ദിവ്യപ്രഭ പ്രദക്ഷിണത്തിന് യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ, സെക്രട്ടറി കാരയിൽ അനീഷ് എന്നിവരുടെ നേതൃത്വത്തിലും സ്വീകരണം നൽകി.