കൊല്ലം: നിയമ നിർമ്മാണം നടത്തുമ്പോഴും നടപ്പാക്കുമ്പാഴും മാനുഷിക മുഖം പരിഗണിക്കണമെന്ന് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി എസ്.എച്ച് പഞ്ചാപകേശൻ പറഞ്ഞു. കൺസ്യൂമർ വിജിലൻസ് സെന്ററിന്റെയും ലീഗൽ സെൽ അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന സർഫാസി പഠന ക്യാമ്പും സെമിനാറും ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർഫാസി പോലൊരു കടുത്ത നിയമം നടപ്പാക്കേണ്ടി വരുമ്പോൾ ജഡ്ജിമാർ പലപ്പോഴും വല്ലാത്ത മാനസിക വ്യഥയാണ് അനുഭവിക്കുന്നത്. ബാങ്ക് ജപ്തി നടപടികൾക്ക് വിധേയരാകേണ്ടി വരുന്നത് വേണ്ടത്ര ശുഷ്‌ക്കാന്തി കുറവ് കാരണവും ആകുന്നു. തിരിച്ചടവ് പലിശയിൽ കുട്ടാതെ മുതലിൽ കൂട്ടാനുള്ള അറിവില്ലായ്മയും മറ്റൊരു കാരണം ആണെന്നും അദ്ദേഹം പറഞ്ഞു. കൺസ്യൂമർ വിജിലൻസ് കമ്മിറ്റി ജില്ലാ പ്രസിഡന്റ് എസ്.പ്രദീപ്കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മേയർ വി. രാജേന്ദ്ര ബാബു, ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചെയർമാൻ കെ.പി സജിനാഥ്, കെ.ഹരികുമാരൻ നായർ, കൗൺസിലർ ഗിരിജ സുന്ദർ, സി.വി.സി സംസ്ഥാന സെക്രട്ടറി എ. അയ്യപ്പൻ നായർ, എസ്. സുവർണ കുമാർ, ഷീല ജഗദരൻ, അപ്പുക്കുട്ടൻ നായർ, ബി.കെ.വസത്ത കുമാരി, തൊടിയൂർ വസന്ത കുമാരി,എൽ.ആർ.രേഷ്മ എന്നിവർ പ്രസംഗിച്ചു.