കുണ്ടറ: സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കച്ചവടം ചെയ്തുവന്ന സ്ത്രീയെ പൊലീസ് പിടികൂടി. കടയിലെ മിഠായി ഭരണികൾക്കുള്ളിൽ ഒളിപ്പിച്ചിരുന്ന ലഹരിവസ്തുക്കൾ പൊലീസ് കണ്ടെടുത്തു. സി.വി.കെ.എം. ഹയർ സെക്കൻഡറി സ്കൂളിനു സമീപം കോടിയാട്ടുമുക്ക് റോഡിന് പടിഞ്ഞാറുഭാഗത്തുള്ള കടയിലാണ് സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിവന്നത്. കടയുടമ പരിച്ചേരി അനിതാ മന്ദിരത്തിൽ ഗ്രേയ്സിയെ (56) പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂൾ കുട്ടികൾക്ക് ലഹരി ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി കിഴക്കേ കല്ലട എസ്.എച്ച്.ഒ ശാന്തകുമാറിന് വിവരംലഭിച്ചിരുന്നു. വ്യാഴാഴ്ച 11 മണിയോടെ പൊലീസ് നടത്തിയ നിരീക്ഷണത്തിൽ യൂണിഫോം ധരിച്ചെത്തിയ വിദ്യാർത്ഥി നിരോധിത പുകയില ഉൽപ്പന്നം വാങ്ങിയത് ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ കടയിലെത്തി നടത്തിയ തെരച്ചിലിലാണ് ഒളിപ്പിച്ചിരുന്ന ലഹരി വസ്തുക്കൾ കണ്ടെത്തിയത്. എസ്.ഐ. അരുൺ, എസ്.സി.പി.ഒമാരായ ലൂക്കോസ്, മധുക്കുട്ടൻ, വിദ്യ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.