കൊല്ലം: എസ്.എൻ.ഡി.പി യോഗം കായംകുളം, ചേപ്പാട്, കാർത്തികപ്പള്ളി, മാവേലിക്കര, കരുനാഗപ്പള്ളി, ചവറ, കൊല്ലം യൂണിയനുകളുടെയും കൊല്ലം ശാരദാമഠം ശ്രീനാരായണ ദർശന പഠനകേന്ദ്രത്തിന്റെയും വാരണപ്പള്ളി കുടുംബയോഗത്തിന്റെയും ആഭിമുഖ്യത്തിലുള്ള 'ശ്രീനാരായണ ദിവ്യോത്സവം 142' ന് തുടക്കമായി. വാരണപ്പള്ളി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ ക്യാപ്റ്റനായുള്ള ദിവ്യോത്സവത്തിന്റെ ദിവ്യപ്രഭ യാത്ര ഇന്നലെ രാത്രി എട്ട് മണിയോടെ കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിലെത്തി. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ, കൊല്ലം യൂണിയൻ സെക്രട്ടറി ആർ. രാജേന്ദ്രൻ എന്നിവർ ചേർന്ന് പുഷ്പഹാരം ചാർത്തി യാത്രയെ വരവേറ്റു. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, യോഗം കൗൺസിലർ പി. സുന്ദരൻ, ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ്, കരുനാഗപ്പള്ളി യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, കൊല്ലം യൂണിയൻ വൈസ് പ്രസിഡന്റ് രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം കൗൺസിലർമാരായ ഇരവിപുരം സജീവൻ, മഹിമ അശോകൻ, ഡി. വിലസീധരൻ, യൂണിയൻ വനിതാ സംഘം സെക്രട്ടറി ഷീലാ നളിനാക്ഷൻ യൂത്ത് മൂവ്മെന്റ് ഭാരവാഹിളായ രഞ്ജിത്ത് രവീന്ദ്രൻ, ബി. പ്രതാപൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഘോഷയാത്രയായി ശാരദാമഠത്തിലേക്ക് ആനയിച്ചു.
ഇന്ന് രാവിലെ 6ന് ധ്യാനം. 11മണിക്ക് ശ്രീനാരായണ ദിവ്യോത്സവത്തിന്റെ രണ്ടാം ദിനം രക്ഷാധികാരി പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിക്കും. കാരയിൽ അനീഷ്, എ. സോമരാജൻ തുടങ്ങിയവർ സംസാരിക്കും. എൻ. രാജേന്ദ്രൻ സ്വാഗതം പറയും.