mayyanadu
മയ്യനാട് റെയിൽവേ സ്റ്റേഷൻ

കൊല്ലം: മയ്യനാട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ലഹരിമാഫിയ പിടിമുറുക്കുന്നതായി പരാതി. കാടുമൂടി കിടക്കുന്ന സ്റ്റേഷൻ പരിസരം ലഹരിവില്പനക്കാർക്ക് തണലാകുന്നതായാണ് ആക്ഷേപം.
സ്റ്റേഷനോട് ചേർന്നുള്ള റെയിൽവേ ഭൂമി ചുറ്റുമതിൽ കെട്ടി തിരിച്ചിട്ടില്ലാത്തതിനാൽ ആർക്കും ഏതുവഴിയും കടക്കാൻ കഴിയുന്ന സ്ഥിതിയാണ്. സന്ധ്യമയങ്ങിയാൽ സ്റ്റേഷൻ പരിസരത്താകെ കുറ്റാക്കുറ്റിരുട്ടുമാണ്. പൊലീസിന്റെ സാന്നിദ്ധ്യം കാര്യമായി ഇല്ലാത്തതിനാൽ തമിഴ്നാട്ടിൽ നിന്നടക്കം കഞ്ചാവുമായി വരുന്നവ‌ർ മയ്യനാട് റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങുന്നത്. ദൂരേക്കെങ്ങും പോകാതെ സ്റ്റേഷൻ വളപ്പിലെ കാടുമൂടിയ ഭാഗം കേന്ദ്രീകരിച്ച് ഇടനിലക്കാർക്ക് കൈമാറുകയും ചെയ്യും. ഇവിടെ തന്നെ ഒളിപ്പിക്കാനും സൗകര്യമുണ്ട്. രണ്ട് മാസം മുമ്പ് രഹസ്യവിവരത്തെ തുടർന്ന് നടന്ന പരിശോധനയിൽ കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കൾ സ്റ്റേഷൻ പരിസരത്ത് വച്ച് പിടിയിലായിരുന്നു.

സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ സ്റ്റേഷൻ വളപ്പിലെ കാടുമൂടിയ ഭാഗങ്ങളിൽ സ്ഥിരമായി തമ്പടിക്കുന്നതും പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇവിടം കേന്ദ്രീകരിച്ച് മദ്യപാനവും ലഹരിമാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും സ്ഥിരമായി നടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇത്തരം സംഘങ്ങളെ ഭയന്ന് രാത്രികാലങ്ങളിൽ സ്റ്റേഷൻ പരിസരത്ത് കൂടി സഞ്ചരിക്കാനും പ്രദേശവാസികൾ മടിക്കുകയാണ്.

'' ടൂറിസം രംഗത്ത് അനന്തസാദ്ധ്യതകളുള്ള പ്രദേശമാണ് മയ്യനാട്. കൂടുതൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഇതിന്റെ എൻട്രി പോയിന്റായി മാറേണ്ട സ്ഥലമാണ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നത്. മയ്യനാട് റെയിൽവേ സ്റ്റേഷൻ പരിസരം നാടിനെ നശിപ്പിക്കുന്ന കേന്ദ്രമാക്കാതെ നേട്ടമുണ്ടാക്കുന്ന ഇടമാക്കി മാറ്റണം.''

സന്തോഷ് ഭാസ്കർ(ജെ.സി.ഐ ട്രെയിനർ)