c
ബാലചന്ദ്രൻ വീട്ടുവളപ്പിലെ കൃഷി തോട്ടത്തിൽ നിന്ന് വിളവെടുത്ത തിപ്പലിയുമായി

കൊല്ലം: പൊന്നു വിളയിക്കാൻ മണ്ണല്ല, മനസാണ് പ്രധാനമെന്ന് തെളിയിക്കുകയാണ് കൃഷിഭവന്റെ മികച്ച കർഷകനുള്ള പുരസ്‌കാരം മൂന്നു തവണ നേടിയ ഡി. ബാലചന്ദ്രൻ. പലരും മലക്കറിയിലും അലങ്കാര ചെടി വളർത്തലിലും ഒരുകൈ നോക്കുമ്പോൾ തിപ്പലി കൃഷിയിലാണ് ബാലചന്ദ്രന്റെ നോട്ടം.

പന്ത്രണ്ട് സെന്റ് സ്ഥലവും സ്വന്തം വീടിന്റെ മട്ടുപ്പാവുമാണ് കൃഷിയിടം. ആശ്രാമം സി.പി ദിവാകരൻ നഗർ ചാക്കച്ചേരിൽ വീട്ടിലെത്തിയാൽ

വീടിനു ചുറ്റുമായി നൂറു മൂട് തിപ്പലികൾ പടർന്ന് പന്തലിച്ച് നിൽക്കുന്നത് കാണാം. കുരുമുളകിന് സമാനമായ ചെടിയാണ് തിപ്പലി. മരങ്ങളിൽ കൊടി പടർത്തി വിട്ടാണ് വളർത്തുന്നത്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് മികച്ച മരുന്നും എല്ലാ ആയുർവേദ മരുന്നുകളിലെയും പ്രധാന ചേരുവയുമാണ് തിപ്പലി. വെയിലത്ത് ഉണക്കിയെടുക്കുന്ന തിപ്പലി കിലോയ്‌ക്ക് 600 രൂപ വരെ വില ലഭിക്കുമെന്നാണ് ബാലചന്ദ്രൻ പറയുന്നത്. പ്രധാനമായും ഇവ ആയുർവേദ കോളേജുകളിലേക്കാണ് നൽകുന്നത്.

തിപ്പലികൾക്കൊപ്പം പച്ചക്കറി കൃഷിയും മികച്ച രീതിയിൽ നടക്കുന്നു. വെണ്ട, ചീര, വഴുതന, മുളക്, തക്കാളി അങ്ങനെ പലയിനം പച്ചക്കറികളാണ് വീടിന്റെ മട്ടുപാവിൽ വിളവെടുപ്പിന് തയ്യാറായി നിൽക്കുന്നത്. അതിൽ പ്രധാനി ചുവന്ന വെണ്ടയ്‌ക്കയാണ്. സാധാരണ മണ്ണിലാണ് കർഷകർ ഇവ വിളയിച്ചെടുക്കുന്നതെങ്കിൽ ബാലചന്ദ്രൻ അറുക്കപ്പൊടി, ചാണകം, എല്ലുപൊടി എന്നിവയുടെ മിശ്രിതം ഗ്രോ ബാഗുകളിൽ നിറച്ചാണ് കൃഷി ചെയ്യുന്നത്. മണ്ണിന്റെ അമിത ഭാരവും മട്ടുപ്പാവിൽ അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്കൊക്കെ നല്ല പ്രതിവിധിയാണ് അറുക്കപ്പൊടി. ഇത് ഉപയോഗിക്കുന്നതിനാൽ കളകൾ വീഴുമെന്ന ആശങ്കയും വേണ്ട. ഫോട്ടാഗ്രാഫിയിലും വിദേശത്ത് കൺസ്‌ട്രക്ഷൻ മേഖലയിലുമൊക്കെയായി തിരക്കുപിടച്ച ജീവിതത്തിനിടയിൽ നിന്ന് പ്രകൃതിയിലേക്ക് ഇറങ്ങിയതോടെ കൃഷിയൊരു ഹരമായി തീർന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

ഗുരുക്കന്മാരായ പ്രൊഫസർ എൻ.രവി, പി.എൻ.മുരളീധരൻ എന്നിവരിൽ നിന്നുള്ള പ്രചോദനമാണ് 30 വർഷമായി ബാലചന്ദ്രനെ കൃഷിയോട് ചേർത്തുനിർത്തുന്നത്. കൃഷിയ്ക്കാവശ്യമായ ഉപദേശങ്ങൾ ലഭിക്കുന്നതും ഇവരിൽ നിന്നാണ്. സാധാരണ മാർക്കറ്റുകളിൽ പച്ചക്കറികൾക്ക് അ‌ർഹിക്കുന്ന വില ലഭിക്കാതെ വന്നതോടെ പ്രതിസന്ധി നേരിട്ടെങ്കിലും എക്കോ ഷോപ്പിന്റെ വരവോടെ വരുമാനം വർദ്ധിച്ചതായി അദ്ദേഹം പറയുന്നു. പൂർണമായും ജൈവ കീടനാശിനികൾ ഉപയോഗിച്ചാണ് കൃഷി. പൂർണ പിന്തുണ നൽകി അലങ്കാര ചെ‌‌ടി വളർത്തലുമായി ഭാര്യ വത്സലയും മക്കളായ ഗായത്രിയും ഗോപികയും ബാലചന്ദ്രനൊപ്പമുണ്ട്.

കൃഷിയിടം:

12 സെന്റ് സ്ഥലം,

പ്രധാന കൃഷി:

ആയുർവേദ ഔഷധക്കൂട്ടിലെ മുഖ്യചേരുവയായ തിപ്പലി

ചെടികൾ:

100

വില :

ഉണക്കിയ തിപ്പലി:600 രൂപ

മലക്കറികൃഷി: വീടിന്റെ മട്ടുപ്പാവിൽ