road
തകർന്നടിഞ്ഞ കുളക്കട താഴത്തുകുളക്കട റോഡ്

കൊട്ടാരക്കര: കുളക്കട തുരുത്തീലമ്പലം താഴത്തു കുളക്കട റോഡ് ടാറും മെറ്റലും ഇളകി തകർന്ന് തരിപ്പണമായിട്ട് വർഷങ്ങൾ പിന്നിടുന്നു. സഞ്ചാരയോഗ്യമല്ലാത്ത റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് നിരവധി തവണ നിവേദനം നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.

ഏകദേശം ഒരു വർഷം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ റോഡാണ് മൂന്നു മാസത്തിനകം പൊട്ടിപ്പൊളിഞ്ഞത്. ഇപ്പോൾ റോഡിന്റെ അവസ്ഥ പഴയതിലും ദയനീയമാണ്.

കൊട്ടാരക്കര, അടൂർ എന്നിവിടങ്ങളിൽ നിന്ന് ഇതുവഴി കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ടെങ്കിലും റോഡ് തകർന്നതിനാൽ പല ട്രിപ്പുകളും മുടങ്ങുന്നതായാണ് നാട്ടുകാരുടെ പരാതി.

റോഡ് തകരാൻ കാരണം

ഏറത്തു കുളക്കട ഭാഗത്ത് റോഡിലുണ്ടാകുന്ന ഊറ്റും നീരൊഴുക്കുമാണ് റോഡ് തകരാറിലാകാൻ കാരണം. കൂടാതെ പല സ്ഥലത്തും റോഡിനു വശങ്ങളിൽ ഓടകൾ മൂടിക്കിടക്കുന്നതും റോഡിന്റെ ശോച്യാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. നൂറുകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡ് തകർന്നതോടെ പ്രദേശവാസികൾ യാത്രാദുരിതത്തിലാണ്. ഇരുചക്രവാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നത് അപൂർവമാണ്.

പ്രധാന പാത

എൽ.പി സ്കൂൾ, യു.പി സ്കൂൾ, പൂവറ്റൂർ ഹയർ സെക്കൻഡറി സ്കൂൾ, കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പബ്ളിക് മാർക്കറ്റ്, താഴത്തു കുളക്കട തിരു അമീൻ കുന്നത്ത് ദേവീ ക്ഷേത്രം, ക്ഷേത്രത്തോട് ചേ‌ർന്നു സ്ഥിതി ചെയ്യുന്ന താലൂക്കിലെ തന്നെ ഏറ്റവും വലിയ മൈതാനം എന്നിവിടങ്ങളിലെത്തുന്നവർക്കുള്ള പ്രധാന ഗതാഗത പാതയാണ് അധികൃതരുടെ അനാസ്ഥ മൂലം തകർന്നു കിടക്കുന്നത്.