ശാസ്താംകോട്ട: നാളുകളുടെ കാത്തിരിപ്പിനൊടുവിൽ കുന്നത്തൂർ നിയോജ മണ്ഡലത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണം വീണ്ടും ആരംഭിച്ചു.
അടിസ്ഥാനം കെട്ടിയ ശേഷം നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചതിനെക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അധികൃതരുടെ ഇടപെടൽ. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 1.70 കോടി രൂപ ചെലവഴിച്ചാണ് 25 സ്ഥലങ്ങളിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചത്.
പലസ്ഥലങ്ങളിലും യാത്രക്കാർ മഴയും വെയിലുമേറ്റാണ് ബസ് കാത്തുനിന്നിരുന്നത്. ഇവർക്ക് ഏറെ ആശ്വാസകരമായിരുന്നു ഈ പ്രഖ്യാപനം. ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനായിരുന്നു നിർമ്മാണ ചുമതല. ഇവർ നിർമ്മാണം ഏറ്റെടുക്കുകയും കരാർ തുക ട്രഷറിയിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു. ആദ്യഘട്ടമെന്ന നിലയിൽ ശാസ്താംകോട്ട, ഭരണിക്കാവ് ബസ് സ്റ്റാൻഡ്, ചക്കുവള്ളി എന്നിവിടങ്ങളിൽ കാത്തിരിപ്പ് കേന്ദ്രങ്ങളുടെ അടിസ്ഥാനം നിർമ്മിച്ചു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ട്രഷറിയിൽ നിക്ഷേപിച്ചിരുന്ന തുക സർക്കാർ പിൻവലിച്ചതോടെ നിർമ്മാണം ഒരു വർഷത്തോളം മുടങ്ങി. സംഭവം വിവാദമായതോടെ ആറ് മാസം മുമ്പ് ശാസ്താംകോട്ട, ഭരണിക്കാവ്, ചക്കുവള്ളി എന്നിവിടങ്ങളിലെ നിർമ്മാണം ഏകദേശം പൂർത്തീകരിച്ചു. മറ്റിടങ്ങളിൽ അടിസ്ഥാനം നിർമ്മിച്ചെങ്കിലും മറ്റ് ജോലികൾ എങ്ങും എത്തിയില്ല. ഇതോടെയാണ് മഴനനഞ്ഞ് ബസ് കാത്തുനിൽക്കേണ്ട ഗതികേടിൽ ജനങ്ങൾ എത്തിയത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കേരളകൗമുദിയിലെ വാർത്ത. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ ഉണർന്ന് പ്രവർത്തിച്ചത്. ശാസ്താംകോട്ട, ചക്കുവള്ളി, ആഞ്ഞിലിമൂട് എന്നിവടങ്ങളിലെ നിർമ്മാണം വീണ്ടും ആരംഭിച്ചത്.
പാരയായി സാമൂഹ്യവിരുദ്ധ ശല്യം
ജനങ്ങളുടെ ബുദ്ധിമുട്ടി മനസിലാക്കി കാത്തിരിപ്പുകേന്ദ്രങ്ങളുടെ നിർമ്മാണം വീണ്ടും ആരംഭിച്ചെങ്കിലും പാരയായി സാമൂഹ്യവിരുദ്ധശല്യം. ശാസ്താംകോട്ട ജംഗ്ഷനിൽ നിർമ്മാണത്തിലിരിക്കുന്ന വെയിറ്റിംഗ് ഷെഡിൽ നിന്ന് ഫാൻ ഇളക്കാൻ ശ്രമിക്കുകയും മൊബൈൽ ചാർജിങ്ങിനുള്ള സംവിധാനം നശിപ്പിക്കുകയും ചെയ്തു. ഇതോടെ അധികൃതർ ഉറപ്പുപറഞ്ഞ സൗകര്യങ്ങളൊന്നും ലഭിക്കാത്ത അവസ്ഥയിലായി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
നിർമ്മാണം ഇവിടയൊക്കെ......
ശാസ്താംകോട്ട
ഭരണിക്കാവ് ബസ് സ്റ്റാൻഡ്
ചക്കുവള്ളി
ആഞ്ഞിലിമൂട്
കാരാളിമുക്ക്
മൈനാഗപ്പള്ളി
പതാരം
ശൂരനാട് എച്ച്.എസ് ജംഗ്ഷൻ
വയ്യാങ്കര
മലനട
നെടിയവിള
തോപ്പിൽമുക്ക്
പാങ്ങോട്
കല്ലുകടവ്
സിനിമാ പറമ്പ്
(ലിസ്റ്റ് അപൂർണം)