പത്തനാപുരം: അശാസ്ത്രീയമായ വാഹന പാർക്കിംഗ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന സാഹചര്യത്തിൽ പത്തനാപുരത്ത് പൊലീസിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പുതിയ ഗതാഗത പരിഷ്കരണം നടപ്പാക്കി. പുനലൂർ മൂവാറ്റുപുഴ പാതയിലും പത്തനാപുരം ശബരി ബൈപാസിലുമാണ് നഗരത്തോട് ചേർന്ന് ഗതാഗത പരിഷ്കരണം ഏർപ്പെടുത്തിയത്. ഓണക്കാലം കൂടിയെത്തുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതോടെയാണ് നടപടി.
അനധികൃത പാർക്കിംഗ് കാരണം കാൽനടയാത്രികർക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ഉയർന്നിരുന്നു. ട്രാഫിക് വാർഡൻമാരുടെ സേവനം കൂടുതലാക്കാനും ധാരണമായി. പത്താനാപുരം സി.ഐ അൻവർ, എസ്.ഐമാരായ പുഷ്പകുമാർ, ജോസഫ് ലിയോൺ എന്നിവർ
നേതൃത്വം നൽകി.
പരിഷ്കരണം ഇങ്ങനെ...
പുനലൂർ, പത്തനംതിട്ട, അടൂർ, കൊട്ടാരക്കര ഭാഗങ്ങളിലേക്കുള്ള ബസുകൾ നിറുത്തുന്നതിനുള്ള ബസ് വേകൾ സജ്ജമാക്കി. യാത്രക്കാരെ ഇറക്കിയാലുടൻ തന്നെ സ്വകാര്യ ബസുകൾ കല്ലുംകടവിലെ സ്വകാര്യ ബസ് സ്റ്റാന്റിലെത്തണം. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ സ്റ്റിക്കർ പതിച്ച് നടപടികൾ സ്വീകരിക്കും. ഒരു വശത്തുമാത്രം വാഹനങ്ങൾ പാർക്ക് ചെയ്യണം.