swapna
സ്വപ്ന

കൊല്ലം:അവയവങ്ങൾ ദാനമായി ലഭിച്ചതോടെ ശ്യാമിന്റെ ജീവിത സ്വപ്‌നങ്ങൾ ചിറക് വിടർത്തുന്നു.

ഇരു വൃക്കകളും പാൻക്രീയാസും തകരാറിലായി അത്യപൂർവമായ രോഗാവസ്ഥയിലാണ് കൊട്ടിയം, തഴുത്തല, പി. കെ ജംഗ്ഷനിൽ ശശിധരന്റെ മകൻ ശ്യാം (20). ഭർത്താവ് രാജേഷിനൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവേ അപകടത്തിൽപ്പെട്ടു മരിച്ച എറണാകുളം പള്ളുരുത്തി സ്വദേശിനി സ്വപ്നയുടെ(39) അവയവങ്ങളാണ് ശ്യാമിന് തുണയായത്. ഒരു വൃക്കയും പാൻക്രിയാസും ഈ മാസം 22ന് കൊച്ചി അമൃത ആശുപത്രിയിൽ ശ്യാമിന്റെ ശരീരത്തിൽ വച്ചുപിടിപ്പിച്ചു. രണ്ടാമത്തെ വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു രോഗിക്കായി ദാനം ചെയ്തു.

മൂന്നു വർഷമായി അനുയോജ്യമായ അവയവങ്ങൾക്കായി സർക്കാർ സ്ഥാപനമായ മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുകയായിരുന്നു ശ്യാം. ആഴ്ചയിൽ നാലു തവണ വരെ ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലായിരുന്നു. പുതിയ അവയവങ്ങളിലൂടെ ശ്യാമിന് പുതിയൊരു ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാരും ശ്യാമിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും.

ജനപ്രതിനിധികളും പൊതുപ്രവർത്തകരും നാട്ടുകാരും ചേർന്ന് രൂപീകരിച്ച ശ്യാം ചികിത്സാ സഹായ സമിതിയാണ് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം സമാഹരിച്ചത്. സ്വകാര്യ ബസുകൾ ഒരു ദിവസം സർവീസ് നടത്തിക്കിട്ടിയ പണം മുഴുവൻ ചികിത്സാ നിധിയിലേക്ക് നൽകിയിരുന്നു. കൊട്ടിയത്തെ ഓട്ടോ റിക്ഷാ തൊഴിലാളികൾ 2 ലക്ഷത്തിലധികം രൂപ സമാഹരിച്ചു നൽകി. മൊത്തം സമാഹരിച്ച 16 ലക്ഷം രൂപയിൽ 15ലക്ഷവും ശസ്ത്രക്രിയയ്ക്ക് ചെലവായി. തുടർചികിത്സയ്‌ക്കും മറ്റുമായി ഇനിയും 10 ലക്ഷം രൂപ ആവശ്യമുണ്ട്. സുമനസുകൾ സഹായിക്കണമെന്ന് സമിതി രക്ഷാധികാരി അഡ്വ. കൊട്ടിയം എൻ. അജിത്കുമാർ, ചെയർമാൻ പുത്തൂർ രാജൻ, കൺവീനർ സന്തോഷ്‌കുമാർ എന്നിവർ അഭ്യർത്ഥിച്ചു. പണം അയക്കേണ്ട വിലാസം: ശ്യാം മെഡിക്കൽ എയ്ഡ് കമ്മിറ്റി, എസ്.ബി.ഐ. കൊട്ടിയം ബ്രാഞ്ച്. നമ്പർ :35690281631, ഐ. എഫ്. എസ്. ഐ കോഡ്: SBIN0015786