അമൃതപുരി: മാതാ അമൃതാനന്ദമയി മഠത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. മലയാളി കുട്ടികൾക്ക് പുറമേ, വിദേശിയരുടെ കുട്ടികളും ശ്രീകൃഷ്ണന്റെയും രാധയുടേയും വേഷമണിഞ്ഞ് മാതാ അമൃതാനന്ദമയിയുടെ സന്നിധിയിൽ ശ്രീകൃഷ്ണ ലീലകൾ അവതരിപ്പിച്ചു. ശ്രീകൃഷ്ണ ലീലകളാൽ അമൃതപുരി മഥുരാപുരിയായി മാറി. ഇന്നലെ വൈകിട്ട് 4.30 മണിയോടെ കുഴിത്തുറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും അമൃപുരിയിലേക്കുള്ള ശോഭാ യാത്ര ആരംഭിച്ചു. വാദ്യമേളങ്ങളും പ്ലോട്ടുകളും നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും ഘോഷയാത്രയ്ക്ക് വർണ്ണപ്പൊലിമ പകർന്നു. വഴിയോരങ്ങളുടെ ഇരുവശവും നിലവിളക്ക് കൊളുത്തിവച്ചാണ് ഘോഷയാത്രയെ നാട്ടുകാർ വരവേറ്റത്. ശോഭാ യാത്രയിൽ വിദേശികളും സ്വദേശികളുമായ നൂറ് കണക്കിന് കുഞ്ഞുങ്ങൾ പങ്കെടുത്തു. 5.30ന് ഘോഷയാത്ര അമൃതപുരിയുടെ പ്രധാന കവാടത്തിൽ എത്തിച്ചേർന്നു. അമ്മ എത്തിയതോടെ ശ്രീകൃഷ്ണ ലീലകൾക്ക് തുടക്കമായി. ഉറിയടിയോടെയാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്. ആയിരങ്ങളാണ് ഇന്നലെ വൈകുന്നേരത്തെ ഭജനയിൽ പങ്കെടുക്കാൻ എത്തിയത്. രാത്രി 11.20 മണിക്ക് ഭാഗവതപാരായണവും 11.50 ന് ഗോപാലപൂജയും നടത്തി. പ്രസാദ വിതരണത്തോടെ പരിപാടികൾ സമാപിച്ചു. പുലർച്ചെ കളരിയിൽ ഗണപതിപൂജയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.