c
ഒരു മേളപ്പെരുക്കമായാലോ.... ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃ ത്വത്തിൽ കൊല്ലം നഗരത്തിൽ നടന്ന ശോഭാ യാത്രയിൽ നിന്നും

കൊല്ലം: ഓടക്കുഴൽ മീട്ടി ഉണ്ണിക്കണ്ണൻമാരും പിന്നാലെ വെണ്ണയുമായി ഓടിനടന്ന് ഗോപികമാരും പാതകളെ അമ്പാടിയാക്കി. കുറുമ്പുകാട്ടി വീഥിയിലൂടെ നടന്നുനീങ്ങുന്ന ഉണ്ണിക്കണ്ണൻമാരെ കണ്ട് പാതവക്കുകളിൽ കാത്തുനിന്ന ഭക്തജനങ്ങളുടെ മനസ് ദ്വാപരയുഗത്തിലേക്ക് സഞ്ചരിച്ചു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശോഭായാത്രകൾ നാടിനാകെ ആത്മനിർവൃതി സമ്മാനിച്ചു.

കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് ശോഭായാത്ര ആരംഭിച്ചത്. മുണ്ടയ്ക്കൽ, ആശ്രാമം, ഉളിയക്കോവിൽ, പുതിയകാവ്, തേവള്ളി തുടങ്ങിയിടങ്ങളിൽ നിന്നുള്ള പത്തോളം ശോഭായാത്രകൾ ലക്ഷ്മിനടയിൽ സംഗമിച്ചാണ് മഹാശോഭയാത്രയായി പുറപ്പെട്ടത്. ചില ഉണ്ണിക്കണ്ണൻമാർക്ക് അമ്മയുടെ ഒക്കത്ത് നിന്നിറങ്ങാൻ മടിയായിരുന്നു. മറ്റ് ചിലർ ഗോപികമാരൊത്ത് നിരത്തിലാകെ ഓടിക്കളിച്ചു. ചിലർ ചെണ്ടയ്ക്കൊത്ത് ചുവട് വച്ചു.

വെണ്ണ കട്ട് തിന്നുന്ന കൃഷ്ണൻ, കാളിയമർദ്ദനം, കംസന്റെ തടവറയിൽ കഴിയുന്ന വസുദേവരും ദേവകിയും തുടങ്ങിയ നിശ്ചലദൃശ്യങ്ങൾ ശോഭായാത്രയ്ക്ക് വർണ്ണപ്പകിട്ടേകി. ചെണ്ടമേളവും പഞ്ചവാദ്യവും ശബ്ദചാരുത പകർന്നു.

ലക്ഷ്മിനട ക്ഷേത്രത്തിന് മുന്നിൽ ശബരിമല മേൽശാന്തി എൻ. ബാലമുരളി ഗോകുല പതാക കൈമാറിയാണ് ശോഭായാത്രയ്ക്ക് തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ ക്ഷേത്ര പരിസരത്തെ ആൽമരത്തിൽ ഉറിയിൽ സൂക്ഷിച്ചിരുന്ന വെണ്ണ ഗോപികമാർ ശ്രീകൃഷ്ണൻമാർക്ക് പകർന്നുനൽകി. ബാലഗോകുലം ജില്ലാ രക്ഷാധികാരി മണി.കെ. ചെന്താപ്പൂര് ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകി. ജില്ലാ പ്രസിഡന്റ് എൻ. ഗിരീഷ് ബാബു, ആർ.എസ്.എസ് മഹാനഗർ സമ്പർക്ക് പ്രമുഖ് മുണ്ടയ്ക്കൽ രാജു തുടങ്ങിയവർ സംസാരിച്ചു. മെയിൻറോഡ് വഴി നഗരം ചുറ്റിയ ശോഭായാത്ര പുതിയകാവ് ക്ഷേത്രത്തിൽ സമാപിച്ചു. മുളങ്കാടകം, ശക്തികുളങ്ങര എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്ര വള്ളിക്കീഴ് ക്ഷേത്രത്തിൽ സംഗമിച്ചു. ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണ ശർമ്മ ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് വിഭാഗ് കാര്യവാഹക് വി. മുരളീധരൻ, സ്വാഗതസംഘം ജനറൽ കൺവീനർ സുരേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.