പുനലൂർ: പുനലൂരിലും സമീപ പ്രദേശങ്ങളിലെയും വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ഭക്താസാന്ദ്രമായ ശോഭയാത്ര സംഘടിപ്പിച്ചു. പുനലൂർ ടൗണിന് പുറമെ ഗ്രാമവീഥികളും ഉണ്ണിക്കണ്ണൻമാരെ കൊണ്ട് നിറഞ്ഞു. പുനലൂർ നഗരസഭ, കരവാളൂർ, ഇടമൺ, ഉറുകുന്ന്, കഴുതുരുട്ടി, ആര്യങ്കാവ് തുടങ്ങിയ നിരവധി കേന്ദ്രങ്ങളിലാണ് മഹാശോഭയാത്ര സംഘടിപ്പിച്ചത്.
പുനലൂർ ടി.ബി ജംഗ്ഷനിൽ നിന്നാരംഭിച്ച ശോഭായാത്ര വൈദേഹി ജംഗ്ഷൻ വഴി പോസ്റ്റ് ഓഫീസ് കവലയിലൂടെ തിരികെ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ സമാപിച്ചു. കരവാളൂരിലെ ശോഭായാത്ര പുളിക്കത്തോട്ടം, മാർക്കറ്റ് ജംഗ്ഷൻ, പള്ളിമുക്ക്, തുമ്പശ്ശേരി ജംഗ്ഷൻ വഴി കരവാളൂർ പീഠിക ഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു. ഇടമൺ ആയിരവില്ലി മഹാശിവ ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്ര ഇടമൺ റെയിൽവേ സ്റ്റേഷൻ, ഇടമൺ സത്രം, ഇടമൺ-34 ൽ എത്തിയ ശേഷം ഇടമൺ ശ്രീഷൺമുഖ ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് ഉറിയടി മഹോത്സവും നടന്നു.