കൊട്ടാരക്കര: നിറമോലും പീലി നെറുകയിൽ ചാർത്തി മഞ്ഞപ്പട്ടുടയാടകളണിഞ്ഞ് ഉണ്ണിക്കണ്ണൻമാരും രാധമാരും ഗ്രാമവീഥികളെ വൃന്ദാവനമാക്കി. കൃഷ്ണ സ്തുതികൾ പാടി പുരാണ കഥാപാത്ര വേഷധാരികളും വാദ്യമേളങ്ങളും വർണ്ണക്കുടകളും ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകളെ വർണ്ണാഭമാക്കി. മയിൽപ്പീലിക്കിരീടമണിഞ്ഞ് കൈയിൽ പുല്ലാങ്കുഴലുമായെത്തിയ ഉണ്ണിക്കൃഷ്ണൻമാരുടെ കുറുമ്പും കുസൃതിയും പരിഭവങ്ങളും കാഴ്ചക്കാർക്ക് നന്നെ രസിച്ചു.
ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ജന്മാഷ്ടമി ആഘോഷങ്ങളുമാണ് ഒരുക്കിയിരുന്നത്. ബാലഗോകുലത്തിന്റെയും വിവിധ ഹിന്ദു സംഘടനകളുടെയും നേതൃത്വത്തിൽ പതിവിലും ഹൃദ്യമായ നിലയിലാണ് ശോഭായാത്രകൾ സംഘടിപ്പിച്ചത്. ഉറിയടിയും ഗോപികമാരുടെ നൃത്തവും പാൽപ്പായ പൊങ്കാലയുമൊക്കെ മികവേറ്റി. മഴ മാറിനിന്നതിനാൽ ശോഭായാത്രകൾ കാണാനും പങ്കെടുക്കാനും ആളെണ്ണം കൂടി.
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ നൂറുകണക്കിന് ഉണ്ണിക്കണ്ണൻമാരും രാധമാരും അണിനിരന്നു. വാദ്യമേളങ്ങളുടെയും കുംഭമേളത്തിന്റെയും അകമ്പടിയോടെ ക്ഷേത്രത്തിൽ നിന്ന് തുടങ്ങിയ ശോഭായാത്ര കൊട്ടാരക്കര പട്ടണം ചുറ്റി കുലശേഖരനല്ലൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. കോട്ടാത്തല അഭിമന്യു ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ചാപ്പോക്കിൽ കാവിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര തറമേൽ ദുർഗ്ഗാദേവീക്ഷേത്രം, മഹാദേവർ ക്ഷേത്രം, തണ്ണീർ പന്തൽ ദേവീക്ഷേത്രം എന്നിവിടങ്ങളിലെത്തി.
കോട്ടാത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ക്ഷേത്ര ഭരണസമിതി നേതൃത്വം നൽകിയ ശോഭായാത്ര പണയിൽ ദേവീക്ഷേത്രം, തണ്ണീർ പന്തൽ ദേവീക്ഷേത്രം വഴി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തിരിച്ചെത്തി. കുളക്കട കിഴക്ക് ബാലഗോകുലത്തിന്റെ ശോഭായാത്ര താഴത്ത് കുളക്കടയിൽ നിന്ന് ആരംഭിച്ച് തുരുത്തിലമ്പലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിച്ചു. പുത്തൂർ ചെറുമങ്ങാട് ചേരിയിൽ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര തൃക്കണ്ണാപുരം കാവിൽ ഭഗവതി ക്ഷേത്രം, കണിയാപാെയ്ക ക്ഷേത്രം, പെരിങ്ങോട്ടപ്പൻ ക്ഷേത്രം വഴി തെക്കുംപുറം കുമ്പഴ ക്ഷേത്രത്തിൽ സമാപിച്ചു. വെണ്ടാറിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശോഭായാത്ര വെണ്ടാർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്ന് തുടങ്ങി മനക്കരക്കാവ് ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ സമാപിച്ചു. കുളക്കട വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ കുളക്കട ശ്രീഭദ്ര ബാലഗോകുലം കൊല്ലാമല ചൈതന്യ ബാലഗോകുലം എന്നിവയുടെ ശോഭായാത്രകൾ സമാപിച്ചു. പവിത്രേശ്വരത്ത് മലനട ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര മഹാദേവർ ക്ഷേത്രത്തിലും മറ്റൊന്ന് മുല്ലവേലിൽ ക്ഷേത്രത്തിലും സമാപിച്ചു. പാങ്ങോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. പെരുംകുളം, പള്ളിക്കൽ, മൈലം, ഇഞ്ചക്കാട്, അന്തമൺ, കുളക്കട, വിലങ്ങറ, കരീപ്ര, വയയ്ക്കൽ, ഓടനാവട്ടം, വെളിയം, എഴുകോൺ, ഉമ്മന്നൂർ, വെട്ടിക്കവല, മേലില ഭാഗങ്ങളിലും ശോഭായാത്രകൾ ഭക്ത മസുകൾക്ക് വേറിട്ട അനുഭവമൊരുക്കി. ബാലസംഘത്തിന്റെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിലും ശ്രീകൃഷ്ണ ജയന്തി ആഘോഷയങ്ങൾ സംഘടിപ്പിച്ചു.