ചാത്തന്നൂർ: ദാഹനീർ ചാത്തന്നൂർ പദ്ധതിയുടെ ഭാഗമായി ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിൽ സമ്പൂർണ കുടിവെള്ള വിതരണത്തിനായി 13 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ കുടിവെള്ളമെത്താത്ത പ്രദേശങ്ങളിൽ പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിച്ച് കുടിവെള്ളമെത്തിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ് 'ദാഹനീർ ചാത്തന്നൂർ '. ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധി കളുടെയും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം വിളിച്ച് ചേർത്ത് വിശദമായ ചർച്ച നടത്തിയാണ് പദ്ധതി രൂപപ്പെടുത്തിയത്. ഗ്രാമ പഞ്ചായത്ത് നിർദേശിച്ച മുഴുവൻ സ്ഥലങ്ങളും സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടെൻഡർ നടപടി പൂർത്തിയാക്കി പൈപ്പ് ലൈനുകൾ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടി ഉടൻ പൂർത്തിയാക്കുമെന്ന് ജി.എസ്. ജയലാൽ എം.എൽ.എ അറിയിച്ചു.