അഞ്ചൽ: ഇരുതലമൂരിയെ വൻ വിലയ്ക്ക് വിൽക്കാൻ കൊണ്ടുവന്ന സ്ത്രീകളുൾപ്പെടെ നാലുപേരെ ഫോറസ്റ്റ് അധികൃതർ അറസ്റ്റു ചെയ്തു.കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ നിലമേലിൽവച്ചാണ് പിടികൂടിയത്. കിളിമാനൂർ കാര്യവിള വീട്ടിൽ സിന്ധു (45), നിലമേൽ നസീർ മൻസിലിൽ സജീന (43), കല്ലമ്പലം പുതുശ്ശേരിമുക്കിൽ കല്ലുവെട്ടാംകുഴി വീട്ടിൽ അജീം (43), പത്തനംതിട്ട അജാസ് മൻസിലിൽ അർഷാദ് (51) എന്നിവരാണ് അറസ്റ്റിലായത്. സിന്ധുവും സജീനയും ചേർന്നാണ് തമിഴ്നാട്ടിൽ നിന്നും കാറിൽ ഇരുതല മൂരിയെ കൊണ്ടുവന്നത്. തിരിപ്പൂരിൽ നിന്നും 13 ലക്ഷം രൂപയ്ക്ക് വാങ്ങി കേരളത്തിൽ ഇടപാടുകാർക്ക് 50 ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ശ്രമം. ഇവരിൽ നിന്നും രണ്ടേമുക്കാൽ ലക്ഷം രൂപയും 37പവൻ സ്വർണവും വനപാലകർ പിടികൂടി. രണ്ട് കാറുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.പിടിയിലായ സിന്ധുവിന് വജ്രവ്യാപാരവും ഉണ്ട്. ഇതിന്റെ ഇടപാടുകാരെന്ന വ്യാജേനെയാണ് വനപാലകൾ സമീപിച്ചത്. കേസിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുള്ളതിനാൽ അന്വേഷണം തുടരുകയാണ്. പിടിയിലായ പ്രതികൾ മുമ്പും സമാനമായ രീതിയിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി ആർ ജയൻ പറഞ്ഞു. പ്രതികളെ പുനലൂർ വനം കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു