പത്തനാപുരം: മായക്കണ്ണന്റെ ജന്മദിനത്തിൽ താര പരിവേഷമില്ലാതെ അനുശ്രീ വീണ്ടും ശോഭായാത്രയിൽ.
കഴിഞ്ഞ തവണ ഭാരതാംബയായി വേഷവിട്ട അനുശ്രീക്ക് നേരെ വിമർശനങ്ങൾ ഉയർന്നെങ്കിലും അതെല്ലാം അവഗണിച്ച് ഇക്കുറിയും എത്തുകയായിരുന്നു. ജന്മനാട്ടിലെ ഏത് പരിപാടിയിലും പങ്കെടുക്കാറുണ്ടെന്നും ഇതിനെ രാഷ്ടീയവത്ക്കരിക്കരുതെന്നും അനുശ്രീ പറഞ്ഞു. പ്രശസ്തയാവുംമുമ്പ് രാധയായും കൃഷ്ണനായും വേഷമിട്ട് ഇവിടത്തെ ശോഭായാത്രയിൽ പങ്കെടുക്കുക പതിവായിരുന്നു. പത്തനാപുരം കമുകുംചേരി തിരുവിളങ്ങോനപ്പൻ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശോഭായാത്രയിലാണ് അനുശ്രീ പങ്കെടുത്തത്. സിനിമാ തിരക്കുകൾക്കിടയിലും എല്ലാ വർഷവും ജന്മാഷ്ടമി ആഘോഷിക്കുവാൻ അനുശ്രീ സ്വന്തം നാടായ കമുകുംചേരിയിൽ എത്താറുണ്ട്. കാര്യറ പറയരുവിള ജംഗ്ഷനിൽ നിന്നാരംഭിച്ച ശോഭായാത്ര തിരുവിളങ്ങോനപ്പൻ ക്ഷേത്ര സന്നിധിയിൽ ഉറിയടിയോടെയും മധുരവിതരണത്തോടെയും സമാപിച്ചു.