ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിലെ പോളച്ചിറ വാർഡിൽ ഒഴുകുപാറ - തെങ്ങുവിള റോഡിന്റെ ധർമ്മഗിരി ഭാഗം അപകടാവസ്ഥയിൽ. നിരവധി വാഹനങ്ങളും വിദ്യാർഥികളുൾപ്പെടെയുള്ള കാൽനടയാത്രികരും കടന്ന് പോകുന്ന റോഡിന്റെ ഒരുവശം ദിനം പ്രതി ഇടിഞ്ഞുതാഴുകയാണ്. റോഡ് ഇടിഞ്ഞ് താഴ്ന്ന ഭാഗം റോഡിന് ഉള്ളിലോട്ടു ഒരു മീറ്ററോളം അകത്തേക്ക് ഗുഹ പോലെ രൂപപ്പെട്ടിരിക്കുകയാണ് നിലവിൽ.
പഞ്ചായത്ത് അധികൃതരോടും വാർഡ് മെമ്പറോടും പരാതിപ്പെട്ടിട്ടും അപകടഭീഷണി നിലനിൽക്കുന്ന ഭാഗത്ത് അധികൃതർ ചുവന്ന റിബൺ വലിച്ചുകെട്ടിയതല്ലാതെ യാതൊരു സുരക്ഷാ നടപടികളും സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
അഞ്ച് മീറ്റർ വീതിയുള്ള റോഡിന്റെ പോളച്ചിറ പോസ്റ്റ് ഓഫീസ് കെട്ടിടം മുതലുള്ള ഇരുന്നൂറ് മീറ്ററോളം ഭാഗത്ത് ഒരു വശം 150 അടിയോളം ആഴമുള്ള വലിയ ഗർത്തമാണ്.
അപകടാവസ്ഥ മനസിലാക്കാതെ ഭാരം കയറ്റിയ വാഹനങ്ങളുൾപ്പെടെ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. കൂടാതെ ഒഴുകുപാറ ഗവ. എൽ.പി സ്‌കൂളിലേക്കും പോളച്ചിറ സംസ്‌കൃത സ്കൂളിലേക്കും പോകുന്ന കുട്ടികളും ഇതുവഴിയാണ് യാത്ര ചെയ്യുന്നത്. റോഡിന് വീതി കുറവുള്ള ഈ ഭാഗത്തെ വീതികൂട്ടി കോൺക്രീറ്റ് ഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒഴുകുപാറ - തെങ്ങുവിള റോഡിന്റെ ധർമ്മഗിരി ഭാഗത്തെ അപകടാവസ്ഥയ്ക്ക് പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർ തയ്യാറാവണം. വലിയ വാഹനങ്ങളും ഭാരം കയറ്റിയ വാഹനങ്ങളും നിരോധിച്ചുകൊണ്ട് അടിയന്തരമായി ബോർഡ് സ്ഥാപിക്കണം.
നന്ദഗോകുലം ആർ. രാജൻപിള്ള
പ്രസിഡന്റ്,
ഗുരുകുലം ദേവസ്വം പോളച്ചിറ
അപകടാവസ്ഥ പരിഹരിക്കാൻ അടിയന്തരമായി പോളച്ചിറ പോസ്റ്റ് ഓഫീസ് കെട്ടിടം മുതൽ ഇരുന്നൂറ് മീറ്ററോളം നീളത്തിൽ താത്കാലികമായി സുരക്ഷാ വേലി നിർമ്മിക്കണം.
അജി ഗോപാലൻ
ചെയർമാൻ, പോളച്ചിറ പൗരസമിതി