കൊല്ലം: പൊന്നു മകളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം വൃക്ക നൽകാൻ തയ്യാറായി കണ്ണീരോടെ വൃദ്ധയായ അമ്മ. പക്ഷേ, ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും വക കാണാതെ സ്വന്തം വീടുപോലുമില്ലാത്ത യുവതിയുടെ കുടുംബം സുമനസ്സുകളുടെ കാരുണ്യം തേടുന്നു.
കൂട്ടിക്കട മുട്ടംമൂട് വിനോദിന്റെ ഭാര്യ സരിത (37) ഇരുപതു മാസമായി വൃക്കരോഗം കാരണം കിടപ്പിലാണ്. രണ്ടു പെൺമക്കളുമായി വാടകവീട്ടിലാണ് താമസം. മൂത്ത മകൾ പ്ളസ് വണ്ണിന് പഠിക്കുന്നു.ഇളയ മകൾ എട്ടാംക്ളാസിലും.
ആഴ്‌ചയിൽ രണ്ട് ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിറുത്തുന്നത്.വൃക്ക മാറ്റിവയ്‌ക്കൽ മാത്രമാണ് പോംവഴി. 2018 മുതൽ നടത്തുന്ന ഡയാലിസിസ്
സരിതയെ തീർത്തും അവശയാക്കി.
മകൾക്ക് വൃക്ക നൽകാൻ തയ്യാറാണ് 63കാരിയായ അമ്മ ലളിത.ഈ വൃക്ക സ്വീകരിക്കുന്നതിനുള്ള ചികിത്സാ നടപടികളും പൂർത്തിയായി. പക്ഷെ, ആശുപത്രിയിൽ കൊടുക്കാൻ പണമില്ല. വിനോദിന് വിദേശത്ത് മോശമല്ലാത്ത ജോലിയുണ്ടായിരുന്നു . ഭാര്യ രോഗിയായതോടെ വിനോദ് നാട്ടിലേക്ക് മടങ്ങി. ഓപ്പറേഷന് മാത്രം അഞ്ച് ലക്ഷം ചെലവാകും. സെപ്‌തംബർ മാസത്തിൽ ഓപ്പറേഷൻ നടത്തണമെന്നാണ് ഡോക്‌ടർ പറഞ്ഞിരിക്കുന്നത്. നിത്യചെലവിനുപോലും വരുമാനമില്ലാത്ത കുടുംബത്തിനു മുന്നിൽ ഒരു വഴിയും തെളിഞ്ഞിട്ടില്ല. സുമനസുകൾ കനിയുമെന്ന ഏക പ്രതീക്ഷയിലാണ് കുടുംബം. സരിതയുടെ അക്കൗണ്ട് നമ്പർ: 67196497124. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എൻ. 0070494. എസ്. ബി. ഐ ഇരവിപുരം ശാഖ. ഫോൺ: 8848986457.