ഓച്ചിറ: ഓണാട്ടുകരയിലെ സപ്താഹവേദികളിൽ നിറസാന്നിദ്ധ്യമായിരുന്ന കുചേലൻ മാധവൻകുട്ടി (70) നിര്യാതനായി. ശ്വാസകോശസംബന്ധമായ അസുഖം നിമിത്തം വെള്ളിയാഴ്ച രാത്രി 11ന് കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. സപ്താഹ വേദികളിലും ഓച്ചിറയിലെയും പരിസര പ്രദേശങ്ങളിലെയും ക്ഷേത്രങ്ങളിൽ കുചേല വേഷധാരിയായി എത്തി കാഴ്ചക്കാരിൽ ഭക്തിയും കൗതുകവും നിറക്കുന്നതിനാൽ മാധവൻകുട്ടിയെ കുചേലൻ മാധവൻകുട്ടി എന്നാണ് അറിയപ്പെട്ടിരുന്നത്. സ്വന്തം ജീവിതം കൊണ്ടും വിനയം കൊണ്ടും കുചേലൻ തന്നെയായിരുന്ന മാധവൻകുട്ടി ഒന്നര പതിറ്റാണ്ട് മുൻപാണ് അമ്പലപ്പുഴയിൽ നിന്നും ഓച്ചിറയിൽ എത്തുന്നത് ചങ്ങൻകുളങ്ങരക്ക് സമീപം വാടക വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ദക്ഷിണയായി ലഭിക്കുന്ന തുക വാടകയ്ക്കും ഭക്ഷണത്തിനും ചിലവഴിച്ചു. ബന്ധുക്കൾ ഏറ്റെടുക്കാനില്ലാത്തതിനാൽ ഇന്ന് കോട്ടയം മുൻസിപ്പൽ ശ്മശാനത്തിൽ സംസ്കരിക്കും. കൈയിൽ ഓലക്കുട ചൂടി ഭസ്മക്കുറി അണിഞ്ഞ് കക്ഷത്തിൽ അവൽപൊതിയുമായി കുചേലവേഷത്തിൽ സപ്താഹ വേദികളിൽ എത്തിച്ചേരുന്ന മാധവൻകുട്ടിയുടെ കുചേലവേഷം ഇനി ഓണാട്ടുകര നിവാസികൾക്ക് ഇനി ഒരു ഓർമ്മ മാത്രം.