പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ ഓഫീസിന് മുന്നിലൂടെ കടന്ന് പോകുന്ന പുനലൂർ-ശിവൻകോവിൽ പാത യാത്രികരുടെ പേടിസ്വപ്നമാകുന്നു. മേൽമൂടിയില്ലാത്ത ഓടയും റോഡിലെ കുഴിയുമാണ് ഇവിടെ വില്ലനാകുന്നത്. ആറ് മാസം മുമ്പ് 15.15 കോടി രൂപ ചെലവഴിച്ച് ടൗണിന് സമീപത്തെ അഞ്ച് റോഡുകൾ നവീകരിച്ചിരുന്നു. അതിൽ ഉൾപ്പെടുന്ന റോഡാണ് ഇത്തരത്തിൽ വാരിക്കുഴി ഒരുക്കുന്നത്. രണ്ടാഴ്ചമുമ്പ് യൂണിയൻ ഓഫീസിൽ നടന്ന യോഗത്തിൽ പങ്കെടുത്ത് മടങ്ങിയ ശാഖാ ഭാരവാഹിയുടെ കാർ ഈ കുഴിയിൽ അകപ്പെട്ടിരുന്നു. വളരെ പണിപ്പെട്ടാണ് വാഹനം ഇതിൽ നിന്ന് കയറ്റിയത്. രാത്രി യാത്രികരെയാണ് റോഡിന്റെ അവസ്ഥ ഏറെ ഭയപ്പെടുത്തുന്നത്. കുഴി തിരിച്ചറിയാനാകാതെ എത്തിയാൽ വൻ അപകടമാകും ഫലം.
മുമ്പ് ഭീഷണിയായിരുന്നത് ഓട
മൂന്ന് മാസം മുമ്പ് പാതയോരത്ത് പുതിയ ഓട പണിതെങ്കിലും യൂണിയൻ ഓഫീസിന് മുന്നിലെ ഓടയുടെ നവീകരണം നടന്നിരുന്നില്ല. തുടർന്ന് കനത്ത മഴയിൽ ഭരണിക്കാവ് പാതയോരത്തെ ഓടയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ശിവൻകോവിൽ റോഡിലെ ഓടയിലേക്കും പിന്നീട് ഈ ഓട നിറഞ്ഞ് യൂണിയൻ ഓഫീസിന് മുന്നിലേക്കും ഒഴുകിയെത്തിയിരുന്നു. ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. തുടർന്ന്
യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ, സെക്രട്ടറി ആർ. ഹരിദാസ്, യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ കൗൺസിലർ എസ്. സദാനന്ദൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള നേതാക്കൾ പൊതുമരാമത്ത് വകുപ്പ് അസി.എക്സിക്യൂട്ടീവ് എൻജിനിയറെ നേരിൽ കണ്ട് വിവിരം ധരിപ്പിക്കുകയായിരുന്നു.
നടപടി പാതിവഴിയിൽ
സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ യൂണിയൻ ഓഫീസിന് മുന്നിലെ ഓട നവീകരിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഒന്നും നടന്നില്ല. കാലവർഷം ആരംഭിച്ചതോടെ ഓടയോട് ചേർന്ന റീ ടാറിംഗ് നടത്തിയ പാതയോരം ഇടിഞ്ഞുതാണു. നിരവധി അപകടങ്ങൾക്കാണ് ഇത് കാരണമായത്. കഴിഞ്ഞ മാസം അധികൃതർ ഓടയുടെ പാർശ്വഭിത്തി കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തി. എന്നാൽ ഇതിന് മുകളിൽ സ്ലാബ് ഇട്ടു മറയ്ക്കുകയോ, ഇടിഞ്ഞു താണ് റോഡ് റീ ടാറിംഗ് നടത്തുകയോ ചെയ്തില്ല. ഇതാണ് ആശങ്കയുണർത്തുന്നത്.