01. ഉപയോഗം: 2 പഞ്ചായത്തുകൾക്ക്
02. നിർമ്മാണ തുക: 4.21 കോടി രൂപ
03. നീളം: 158 മീറ്റർ, വീതി: 11 മീറ്റർ
04. അപ്രോച്ച് റോഡിന്: 175 സെന്റ സ്ഥലം
05. അപ്രോച്ച് റോഡിന്റെ നീളം: 615 മീറ്റർ
06. യാത്രക്കാർക്ക് ലാഭം: 10 കിലോമീറ്റർ
പടിഞ്ഞാറേകല്ലട: നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ കല്ലടയാറിന്റെ ഇരുകരകളിലുമുള്ള മൺറോത്തുരുത്ത്, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ണങ്കാട്ട് കടവ് പാലത്തിന് കിഫ്ബിയുടെ അനുമതി. 24.21 കോടി രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. 158 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. അനുബന്ധ റോഡ് നിർമ്മിക്കുന്നതിന് പടിഞ്ഞാറേക്കല്ലടയിൽ ഏകദേശം 30 സെന്റും മൺറോതുരുത്തിൽ 145 സെന്റ് ഭൂമിയുമാണ് ഏറ്റെടുത്തിട്ടുള്ളത്.
റോഡിന്റെ ദൂരം പടിഞ്ഞാറെ കല്ലടയിൽ 125 മീറ്ററും മൺറോത്തുരുത്തിൽ 590 മീറ്ററുമാണ്. നിലവിൽ പടിഞ്ഞാറേ കല്ലടയിൽ നിന്ന് കൊല്ലത്ത് എത്തിച്ചേരാൻ 27 കിലോമീറ്ററാണ് ദൂരം പെരുമൺ, കണ്ണങ്ങാട് പാലങ്ങളുടെ പണി പൂർത്തീകരിച്ചാൽ ഏതാണ്ട് പത്ത് കിലോമീറ്റർ ദൂരം ലാഭിക്കാം. പെരുമൺ പാലത്തിന്റെ ടെൻഡർ നടപടിയും അവസാനഘട്ടത്തിലായതോടെ ഏറെ പ്രതീക്ഷയിലാണ് ജനങ്ങൾ.
യാത്രാക്ലേശത്തിന് പരിഹാരം
ചവറ നീണ്ടകര പാലത്തിൽ ഗതാഗത തടസ്സം നേരിട്ടാൽ ഇപ്പോൾ കരുനാഗപ്പള്ളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കടപുഴ പാലം വഴിയാണ് കുണ്ടറ കൊട്ടാരക്കര ഭാഗത്തേക്ക് വഴിതിരിച്ചുവിട്ടു കൊണ്ടിരിക്കുന്നത്. എന്നാൽ പെരുമൺ കണ്ണങ്കാട്ട് പാലം പൂർത്തീകരിക്കുന്നതോടുകൂടി കായംകുളം കൊല്ലം ബൈ പാസ്സായി ഈ റൂട്ട് ഉപയോഗിക്കാവുന്നതാണ്. ഹൈവേയിൽ വർദ്ധിച്ചുവരുന്ന യാത്രാക്ലേശം അതിന് ഒരു പരിധിവരെ പരിഹാരം ഉണ്ടാകും.
കണ്ണങ്കാട്ട് കടവ് പാലത്തിന് കിഫ്ബിയുടെ അനുമതി ലഭിച്ചതോടെ
ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള ജോലികൾ ഉടൻ ആരംഭിക്കും.
രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ
എം.എസ്. ശ്രീജ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ