flood
തഴവ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് എസ്. ശ്രീലതയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു

ഓച്ചിറ: പ്രളയക്കെടുതികളുണ്ടായ പാവുമ്പ, മണപ്പള്ളി പ്രദേശങ്ങളിൽ തഴവ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ശുചീകരിച്ചു. ആശാപ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, സാമൂഹ്യ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് വീടുകളും പരിസരവും ശുചീകരിച്ച് കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തിയത്. മലിന ജലവുമായി സമ്പർക്കം പുലർത്തിയവർക്ക് ഡോക്സി സൈക്ലിൻ ഗുളികകൾ വിതരണം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് വാര്യത്തിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, പബ്ലിക്ക് ഹെൽത്ത് നഴ്സുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നും പൊതുസ്ഥലങ്ങളിൽ മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ഗ്രാമപ‌ഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത, സെക്രട്ടറി സി. ജനചന്ദ്രൻ, പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജാസ്മിൻ റിഷാദ് എന്നിവർ അറിയിച്ചു.