കുണ്ടറ: ബി.ജെ.പി ഇളമ്പള്ളൂർ പഞ്ചായത്ത് സമിതി പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. എൻ.ആർ.ഇ.ജി.എസ് വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണയ്ക്കായി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ റൂമിൽ നിന്ന് വൈദ്യുതി എടുത്തതായി ആരോപിച്ചാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെ വൈദ്യുതി എടുത്ത എ.ഐ.ടി.യു.സി നേതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.
കുണ്ടറ എസ്.ഐ വിദ്യാധിരാജിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്കൊടുവിൽ നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകാമെന്നുള്ള സെക്രട്ടറിയുടെ ഉറപ്പിന്മേൽ ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു. ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് അജിത്കുമാർ, വൈസ് പ്രസിഡന്റ് രജീഷ്, മണ്ഡലം കമ്മിറ്റി സെക്രട്ടറി സുജാത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിൽകുമാർ, റപ്പായി, ഗിരീഷ്, കുഞ്ഞുമോൻ, രാജി എന്നിവർ പങ്കെടുത്തു.