photo
ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്ന പുത്തൂർ പൊലീസ് സ്റ്റേഷൻ

കൊട്ടാരക്കര: പുത്തൂർ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരണത്തിന്റെ ഘട്ടത്തിലാണ്. റൂറൽ എസ്.പി ഹരിശങ്കർ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ നേരിൽക്കണ്ട് വിഷയങ്ങൾ ധരിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി ഉദ്ഘാടനം നടത്തണമെന്ന ആഗ്രഹം ഐഷാപോറ്റി എം.എൽ.എ അറിയിച്ചിരുന്നു. ഒറ്റ നിലയ്ക്ക് 3,400 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് സ്റ്റേഷനുവേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം. നിലവിൽ പ്രവർത്തിച്ചുവരുന്ന കെട്ടിടങ്ങൾ സ്റ്റേഷന് വേണ്ടി തന്നെ ഉപയോഗിക്കാനാകും.

എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നനുവദിച്ച 95 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചത്. നെടുവത്തൂർ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കിഴക്കേ ചന്തയിലെ 25 സെന്റ് സ്ഥലമാണ് പൊലീസ് സ്റ്റേഷന് വേണ്ടി വിട്ടുനൽകിയത്. പുത്തൂരിൽ പൊലീസ് സ്റ്റേഷൻ അനുവദിച്ചപ്പോൾ താൽക്കാലികമായി പ്രവർത്തിക്കാനും ഇവിടെയാണ് സ്ഥലം നൽകിയത്. പിന്നീട് സ്ഥിരം സംവിധാനമാകുന്നതിനായി ഭൂമി ആഭ്യന്തര വകുപ്പിന് കൈമാറുകയും ചെയ്തു. സി.ഐ അടക്കം മുപ്പതിന് മേൽ ഉദ്യോഗസ്ഥരാണ് സ്റ്റേഷനിലുള്ളത്. 2018 ജനുവരി 28ന് ആയിരുന്നു സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ആറുമാസംകൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും ഇപ്പോഴാണ് പൂർത്തിയായത്.

മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി ഉദ്ഘാടന തീയതി നിശ്ചയിക്കും. പൊലീസ് സ്റ്റേഷൻ ഓണസമ്മാനമായി നാടിന് സമർപ്പിക്കും.

പി. ഐഷാപോറ്റി എം.എൽ.എ