തൊടിയൂർ: ഗ്രന്ഥശാലകളുടെ ഗ്രഡേഷൻ പരിശോധനയിൽ പുതിയ അദ്ധ്യായം എഴുതി ചേർത്ത് കരുനാഗപ്പള്ളി താലൂക്കിലെ ഗ്രന്ഥശാലകൾ ചരിത്രം രചിച്ചു. ഗ്രഡേഷൻ പരിശോധന നടന്ന 96 ഗ്രന്ഥശാലകളിൽ 70 എണ്ണത്തിന്റെ ഗ്രേഡ് ഉയർന്നു. 9 എ പ്ലസ്, 24 എ, 13 ബി, 13 സി, 16 ഡി, 14 ഇ, 7 എഫ് എന്നിങ്ങനെയാണ് താലൂക്കിലെ ലൈബ്രറികളുടെ ഗ്രേഡ്. 103.5 മുതൽ 68 വരെ മാർക്ക് നേടിയാണ് ലൈബ്രറികൾ സ്ഥാനം ഉറപ്പിച്ചത്. വടക്കുംതല കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഗ്രന്ഥശാലയാണ് ഏറ്റവും ഉയർന്ന മാർക്ക് (103.5) നേടിയത്. പ്രബോധിനി ഗ്രന്ഥശാല പണ്ടാരത്തുരുത്ത്, ലാലാജി സ്മാരക കേന്ദ്ര ഗ്രന്ഥശാല കരുനാഗപ്പള്ളി, വിജ്ഞാന സന്ദായിനി ഗ്രന്ഥശാല ചെറിയഴീക്കൽ, ബോധോദയം ഗ്രന്ഥശാല ആലുംകടവ് എന്നിവയും എ പ്ലസ് നിലനിർത്തി.
ഗ്രാമോദ്ധാരണ ഗ്രന്ഥശാല ചിറ്റൂർ, സംസ്കാര സന്ദായിനി വള്ളിക്കാവ്, ജനത ഗ്രന്ഥശാല കല്ലേലിഭാഗം എന്നിവ എയിൽ നിന്ന് എ പ്ലസിലേക്ക് ഉയർന്നപ്പോൾ തുറയിൽകുന്ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാല ബിയിൽ നിന്ന് എ പ്ലസിലേക്ക് ഉയരുകയായിരുന്നു. 11 ഗ്രന്ഥശാലകൾ നിലവിലുണ്ടായിരുന്ന എ ഗ്രേഡ് നിലനിർത്തിയപ്പോൾ 7 എണ്ണം ബിയിൽ നിന്ന് എയിലേയ്ക്ക് ഉയർന്നു. ചവറ പാസ്ക് ഡിയിൽ നിന്നാണ് എ യിലേക്ക് കുതിച്ചത്. ഒരു ഗ്രന്ഥശാലയുടെയും ഗ്രേഡ് താഴേയ്ക്ക് പോയില്ല എന്ന പ്രത്യേകതയുമുണ്ട്.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനത്തിലാണ്ഗ്രഡേഷൻ പരിശോധന നടന്നത്.താലൂക്കിലാകെയുള്ള നൂറ്റി ഒന്ന് ലൈബ്രറികളിൽ പുതിയതായി സ്ഥാപിതമായ 5 എണ്ണം ഗ്രഡേഷൻ പരിശോധനയിൽ നിന്ന് ഒഴിവാക്കപ്പടുകയും ഇവയിൽ 3 എണ്ണത്തിന് അഫിലിയേഷൻ ശുപാർശ നൽകുകയും ചെയ്തു.ഗ്രഡേഷൻ കൺവീനർ ഡി. സുകേശൻ, ഓഫീസർമാരായ ശ്യാം, നിഷ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, ഗ്രഡേഷൻ കമ്മിറ്റി അംഗം സുരേഷ് വെട്ടുകാട് എന്നിവരാണ് പരിശോധന നടത്തിയത്.
താലൂക്ക് ലൈബ്രറി കൗൺസിലും ഗ്രന്ഥശാല പ്രവർത്തകരും കഴിഞ്ഞ മൂന്നു വർഷമായി നടത്തിവന്ന നിരന്തര പരിശ്രമമാണ് ഇത്തരത്തിലൊരു മുന്നേറ്റം സൃഷ്ടിച്ചതെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ പറഞ്ഞു. വലിയ തോതിലുള്ള ബഹുജന പിന്തുണയാണ് പുതുതായി സ്ഥാപിതമാകന്ന ഗ്രന്ഥശാലകൾക്ക് ലഭിക്കുന്നതെന്നും ഇതിനു വേണ്ടി വസ്തുവും കെട്ടിടവും വരെ സംഭാവന ചെയ്യുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം താലൂക്കിൽ പുതിയ 25 ഗ്രന്ഥശാലകൾ കൂടി സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും വിജയകുമാർ പറഞ്ഞു.