ഇരവിപുരം: മരത്തിന് മുകളിൽ കുടുങ്ങിപ്പോയ പൂച്ചയെ ഫയർഫോഴ്സ് സംഘമെത്തി സാഹസികമായി രക്ഷപ്പെടുത്തി. വടക്കേവിള മണക്കാട് നഗർ 94ൽ ബി.എസ്.എൻ.എൽ ജീവനക്കാരനായ രാജശേഖരന്റെ വീടിന് മുന്നിലെ കൂറ്റൻ ഇലഞ്ഞിമരത്തിൽ കുടുങ്ങിപ്പോയ പൂച്ചയെയാണ് ഫയർഫോഴ്സ് സംഘം രക്ഷപെടുത്തിയത്.
കഴിഞ്ഞ അഞ്ച് ദിവസമായി മരത്തിൽ നിന്ന് താഴെയിറങ്ങാൻ കഴിയാതെ പൂച്ച മരത്തിന് മുകളിൽ തന്നെ ഇരിക്കുകയായിരുന്നു. പൂച്ചയുടെ കരച്ചിൽ കേട്ട നാട്ടുകാർ കോർപ്പറേഷൻ കൗൺസിലർ സഹൃദയനെയും ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘത്തിലെ ഫയർമാൻ വിനീത് വിജയൻ നാൽപ്പതടി ഉയരത്തിൽ ഏണി ഉയർത്തി മരത്തിൽ കയറി ഉയരത്തിലിരുന്ന പൂച്ചയെ ഏണിയിലൂടെ താഴെയിറക്കുകയായിരുന്നു. രാജശേഖരന്റെ അയൽ വീട്ടിലെ വളർത്തുപൂച്ചയാണ് മരത്തിന് മുകളിൽ കുടുങ്ങിയത്.