a
ലിജോ വർഗീസും ആംബുലൻസ് ഡ്രൈവർ ജോൺസി മാത്യുവും

മാവേലിക്കര: ട്രെയിൻ സ്റ്റേഷനിലേക്കെത്തവേ, വാതിൽ ഭാഗത്തുനിന്ന് എഴുന്നേറ്റുമാറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ളാറ്റ്ഫോമിനും ഇടയിൽ വീണ മെഡിക്കൽ വിദ്യാർത്ഥിനിയുടെ പാദം അറ്റു. കരുനാഗപ്പള്ളി തഴവ ചേമ്മത്തറയിൽ നസറുദീന്റെ മകൾ ആൽഫിയയുടെ (19) വലതു പാദമാണ് മുറിഞ്ഞു മാറിയത്. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൈകിട്ടു 4.30നായിരുന്നു സംഭവം. ഒക്ടോബർ 14നു ആൽഫിയയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.

തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായ ആൽഫിയ വീട്ടിലേക്ക് പോകുന്നതിനാണ് ശബരി എക് സ് പ്രസിൽ കയറിയത്. വാതിലിനു സമീപത്ത് ഇരിക്കുകയായിരുന്ന ആൽഫിയ, ട്രെയിൻ മാവേലിക്കര സ്റ്റേഷനിലേക്ക് എത്തിയപ്പോൾ വാതിലിൽ നിന്നു മാറാനായി എഴുന്നേൽക്കവേ വീഴുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരും മറ്റു യാത്രക്കാരും ചേർന്ന് ട്രെയിനിന്റെ അടിയിൽ നിന്നെടുത്തപ്പോഴാണ് പാദം അറ്റുപോയെന്ന് ബോദ്ധ്യമായത്. ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. പിന്നീട് പാദം തുന്നിച്ചേർക്കാൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.

 പാദം പിന്നാലെ

മാവേലിക്കര: ആൽഫിയയെ ജില്ലാ ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേക്കു 108 ആംബുലൻസിൽ കൊണ്ടുപോയ ശേഷമാണ് അറ്റുകിടന്ന പാദം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാരുടെ നേതൃത്വത്തിൽ പാദം വൃത്തിയാക്കിയ ശേഷം ഐസിട്ട കവറിലാക്കി. അര മണിക്കൂറിനുള്ളിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കണമെന്നു ഡോക്ടർമാർ നിർദേശിച്ചു.

തുടർന്ന് സ്വകാര്യ ആംബുലൻസ് ഡ്രൈവർ കല്ലുമല കുളത്തിന്റെ കിഴക്കതിൽ ജോൺസി മാത്യു, അപകടമറിഞ്ഞ് ആശുപത്രിയിലെത്തിയ ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് ഉമ്പർനാട് ലിജോ വില്ലയിൽ ലിജോ വർഗീസ് എന്നിവർ ചേർന്ന് പാദം 25 മിനിട്ടിനുള്ളിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് ആൽഫിയയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കലവൂരിൽ എത്തിച്ച് ഐ.സി.യു സംവിധാനമുള്ള ആംബുലൻസിന് കൈമാറിയതും ജോൺസിയും ലിജോയുമാണ്.