waste-disposal
waste disposal

 പദ്ധതികളിൽ എൻജിനിയറിംഗ് വിഭാഗം അടയിരിക്കുന്നു

 ഒക്ടോബർ 31ന് മുമ്പ് ചെലവഴിച്ചില്ലെങ്കിൽ പണം നഷ്ടമാകും

കൊല്ലം: കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ മാലിന്യ സംസ്കരണത്തിന് അനുവദിച്ച 8.84 കോടി രൂപ നഷ്ടമാകുമെന്ന് ആശങ്ക. പദ്ധതിയുടെ കാലാവധി ഈ മാസം ഒക്ടോബർ 31ന് അവസാനിക്കാനിരിക്കെ ഒരു രൂപ പോലും ഇതുവരെ ചെലവഴിച്ചിട്ടില്ല.

സ്വച്ഛ് ഭാരത് അഭിയാൻ ഫണ്ട് ചെലവഴിക്കുന്നതിനായി നഗരസഭ പ്രത്യേക മാലിന്യ സംസ്കരണ പദ്ധതി തയ്യാറാക്കിയെങ്കിലും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഇഴയുകയാണ്. പദ്ധതി പ്രകാരമുള്ള കിച്ചൺ ബിന്നുകളുടെയും റിംഗ് കമ്പോസ്റ്റ് യൂണിറ്റുകളുടെയും വിതരണത്തിന് ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. എം.സി.എഫുകളും ആർ.ആർ.എഫുകളും സ്ഥാപിക്കുന്നതിന് സാങ്കേതിക അനുമതി തേടിയുള്ള ഫയൽ എൻജിനിയറിംഗ് വിഭാഗത്തിൽ കുടുങ്ങിക്കിടക്കുകയാണ്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മസേനാംഗങ്ങളുടെ തിരഞ്ഞെടുപ്പും എല്ലാ ഡിവിഷനുകളിലും ഇതുവരെ പൂർത്തിയായിട്ടില്ല. പരിമിതമായ ദിവസങ്ങൾക്കുള്ളിൽ ഇവയെല്ലാം പൂർത്തിയാക്കുക ഏറെ ശ്രമകരമാണ്.

പദ്ധതി തുകയുടെ 35 ശതമാനം കേന്ദ്ര വിഹിതവും 23.3 ശതമാനം സംസ്ഥാന വിഹിതവുമാണ്. ശേഷിക്കുന്ന 41.7 ശതമാനം നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നാണ് ചെലവഴിക്കുന്നത്.

 പദ്ധതി ഇപ്രകാരം

01. വീടുകളിൽ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യം താത്കാലികമായി സംഭരിക്കാൻ എല്ലാ ഡിവിഷനുകളിലും ഓരോ എം.സി.എഫുകൾ (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ)

02. എം.സി.എഫുകളിൽ നിന്ന് മാലിന്യം വേർതിരിച്ച് സൂക്ഷിക്കാൻ നാല് റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ (ആർ.ആർ.എഫ്)

03. 50 സ്ഥലങ്ങളിലായി 448 എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ

04. 90 ശതമാനം സബ്സിഡിയിൽ 55,000 കിച്ചൺ ബിന്നുകൾ

05. നൂറ് ശതമാനം സബ്സിഡിയിൽ 278 റിംഗ് കമ്പോസ്റ്റ് യൂണിറ്റുകൾ

 പദ്ധതി വിഹിതം

കേന്ദ്രം: 3.09 കോടി

സംസ്ഥാനം : 2.06 കോടി

നഗരസഭ: 3.68 കോടി

 നഗരത്തിൽ പ്രതിദിനമുണ്ടാകുന്നത് 164 ടൺ ഖരമാലിന്യം

നഗരത്തിൽ പ്രതിദിനം 164 ടൺ ഖരമാലിന്യം ഉണ്ടാകുന്നുവെന്നാണ് ഏകദേശ കണക്ക്. ഇതിന്റെ 60 ശതമാനം ജൈവ മാലിന്യവും ശേഷിക്കുന്നത് അജൈവവുമാണ്.