c
കരുനാഗപ്പള്ളിയിൽ മയക്ക് മരുന്ന് മാഫിയ സജീവമാകുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മയക്ക് മരുന്ന് മാഫിയ പിടിമുറുക്കുന്നതായി നാട്ടുകാരുടെ പരാതി. കായൽത്തീരങ്ങൾ, സ്കൂളുകൾ, കോളേജുകൾ എന്നിവ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. കേരളത്തിൽ അടുത്ത കാലത്തായി ഉപയോഗിച്ച് തുടങ്ങിയ എം.ഡി.എം.എ മയക്ക് മരുന്ന് കരുനാഗപ്പള്ളിയിൽ സുലഭമാണെന്നാണറിയുന്നത്. കരുനാഗപ്പള്ളി, ചിറ്റുമൂല, കോയിവിള, കൊട്ടുകാട്, പുത്തൻതെരുവ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് എം.ഡി.എം.എ വിൽക്കുന്നത്. ബാംഗ്ലൂരിൽ നിന്നാണ് ഇത്തരം ലഹരി വസ്തുക്കൾ കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമെത്തുന്നത്. ബാംഗ്ലൂരിൽ 1000 രൂപയ്ക്ക് ലഭിക്കുന്ന ഒരു ഗ്രാം എം.ഡി.എം.എ കരുനാഗപ്പള്ളിയിൽ 4000 രൂപയ്ക്കാണ് വില്ക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കോളേജ് വിദ്യാർത്ഥികളാണ് കൂടുതലും ഇത് വാങ്ങുന്നത്. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ രണ്ട് എം.ഡി.എം.എ കേസുകൾ ചാർജ് ചെയ്തിട്ടുണ്ട്. കാറുകളും ആൾ താമസം ഇല്ലാത്ത വീടുകളുമാണ് മാഫിയാ സംഘത്തിന്റെ പ്രധാന താവളങ്ങൾ. കായൽത്തീരങ്ങളിലെത്തുന്നവർക്ക് സാധനങ്ങൾ ബൈക്കുകളിലാണ് എത്തിക്കുന്നത്.

ബാംഗ്ലൂരിൽ ഒരു ഗ്രാമിന് 1000 രൂപയ്ക്ക് ലഭിക്കുന്ന എം.ഡി.എം.എ കരുനാഗപ്പള്ളിയിൽ 4000 രൂപയ്ക്കാണ് വിൽക്കുന്നത്.

കരുനാഗപ്പള്ളി എക്സൈസ് ഓഫീസിൽ ഈ മാസം 25 വരെ 50 ഓളം കേസുകളാണ് മയക്കുമരുന്നമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. ഇതിൽ 2 എണ്ണം എം.ഡി.എം.എ കേസുകളാണ്.

കച്ചവടം കോളേജുകൾ കേന്ദ്രീകരിച്ച്

15 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എ ചെറിയ പൊതികളിലാക്കി കൊണ്ട് വന്നാൽ പിടിക്കപ്പെടാനും വളരെ പ്രയാസമാണ്. കോളേജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്ക് മരുന്ന് സംഘത്തെ പിടികൂടാൻ പ്രയാസമാണ്. കഞ്ചാവ്, ആംപ്യൂൾ തുടങ്ങിയ ലഹരി വസ്തുക്കളും കോളേജ് വിദ്യാർ‌ത്ഥികൾക്കിടയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗം പതിവിലും വർദ്ധിച്ചതോടെ സ്കൂളുകളും കോളേജുകളും പൂർണമായും എക്സൈസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. ഇതോടൊപ്പം തന്നെ എക്സൈസ് ഡിപ്പാർട്ട്മെന്റും സന്നദ്ധ സംഘടനകളുമായി ചേർന്ന് ലഹരിമരുന്നിന്റെ ഉപഭോഗത്തിനെതിരെ വ്യാപകമായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.