v
മാറിയ കാലത്തെ വായനാഭിരുചികൾ തേടിയുള്ള സർവേ പൂർത്തിയായി

തൊടിയൂർ: മലയാളിയുടെ മാറിയ കാലത്തെ വായനാഭിരുചികളെ കണ്ടെത്താൻ ലക്ഷ്യമിട്ട് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനാസർവേ കരുനാഗപ്പള്ളിയിൽ പൂർത്തിയായി. സർവേ റിപ്പോർട്ട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ ഏറ്റുവാങ്ങി. കേരള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 2019 - 20 വർഷത്തെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ് വായന സർവേ. മലയാളിയുടെ വായനാഭിരുചികളെക്കുറിച്ചുള്ള അന്വേഷണവും ഗ്രന്ഥശാലാ പ്രവവർത്തനങ്ങളുടെ പുനഃ സംഘടനയുമാണ് സർവേയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് വായനാസർവേ പദ്ധതി നടപ്പാക്കുന്നത്. ഒന്നാം സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെയും മൂന്നാം ലൈബ്രറി കൗൺസിലിന്റെയും കാലത്ത് രണ്ട് വായന സർവേകൾ ഇതിന് മുമ്പ് നടന്നിട്ടുണ്ട് . അതിൽ നിന്ന് വ്യത്യസ്തമായ സർവേയാണ് ഇപ്പോൾ വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഈ സർവേയ്ക്കായി വീടുകൾ തിരഞ്ഞെടുത്തിട്ടുണ്ട് . ഒന്നാം സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ കാലത്ത് 99 ഗ്രാമ പഞ്ചായത്തുകൾ, 13 മുനിസിപ്പാലിറ്റികൾ, മൂന്ന് കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ നിന്നായി വീടുകൾ തിരഞ്ഞെടുത്തായിരുന്നു സർവേ നടത്തിയത് . 2019- ലെ വായന സർവേയാകട്ടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെടുന്ന 2000 വീടുകളിലാണ് സർവേ നടത്തുന്നത്. സംസ്ഥാന തലത്തിൽ പ്രത്യേക പരിശീലനം നൽകിയ പ്രവർത്തകർക്കാണ് സർവേചുമതല നൽകിയിരിക്കുന്നത്. കരുനാഗപ്പള്ളി താലൂക്കിൽ നടത്തിയ സർവേ റിപ്പോർട്ട് തൊടിയൂരിൽ നടന്ന ചടങ്ങിലാണ് കൈമാറിയത്. സർവേയ്ക്ക് നേതൃത്വം നൽകിയ രഞ്ജിത്ത്, മിനി മോഹൻ എന്നിവരിൽ നിന്ന് ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡി. സുകേശൻ റിപ്പോർട്ട് ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ ഗ്രഡേഷൻ ഓഫീസർമാരായ നിഷ, ശ്യാം തുടങ്ങിയവർ പങ്കെടുത്തു.