തൊടിയൂർ: ഇടറോഡിൽ നിന്ന് മെയിൻ റോഡിലേക്ക് ഇറങ്ങിയ അശോക് ലയ്ലൻഡ് ലോറി റോഡരികിലെ മതിലുകൾക്കുള്ളിൽ കുടുങ്ങി അഞ്ചര മണിക്കൂർ ഗതാഗതം തടസപ്പെട്ടു. തൊടിയൂർ പഞ്ചായത്തിലെ ചൂളൂർമുക്ക് -റെയിൽവേ സ്റ്റേഷൻ റോഡിൽ പുത്തൻകുളങ്ങര ജംഗ്ഷനിൽ ഇന്നലെപുലർച്ചെ മൂന്നിനായിരുന്നു സംഭവം. വീട്ടുമുറ്റത്ത് പാകുന്ന പാറപ്പാളികൾ കയറ്റി തമിഴ്നാട്ടിൽ നിന്നെത്തിയ വലിയ ലോറിയാണ് വെളുത്ത മണലിൽ നിന്ന് പുത്തൽകുളങ്ങരയിലെത്തുന്ന റോഡിലെ എൽ ഷേപ്പ് വളവ് തിരിയുമ്പോൾ ഇരുവശങ്ങളിലെയും മതിലുകൾക്കുള്ളിൽ കുടുങ്ങിയത്. മുൻവശത്തെ ടയർ മണ്ണിൽ പുതഞ്ഞതോടെ മുന്നോട്ടോ പിന്നോട്ടോ മാറ്റാനാവാത്ത തരത്തിൽ ലോറി റോഡിനു കുറകേ കിടന്നു. ഇതറിയാതെ റെയിൽവേ സ്റ്റേഷനിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകാനെത്തിയ യാത്രക്കാർ വട്ടംചുറ്റി. കാൽനടയാത്രക്കാർക്ക് പോലും കടന്നു പോകാനാവാത്ത തരത്തിലാണ് ലോറി കിടന്നത്. രാവിലെ 8.30 ഒാടെ ജെസിബി കൊണ്ടുവന്ന് ലോറി റോഡിൽ നിന്ന് മാറ്റിയയാണ് ഗതാഗതം പുനരാരംഭിച്ചത്.