കൊല്ലം: ഒരു തുള്ളി രക്തം പോലും ചിന്താതെ സാമൂഹ്യ പരിവർത്തനത്തിന് നേതൃത്വം നൽകിയ വിപ്ലവകാരിയായിരുന്നു ഗുരുദേവനെന്നും പൗരോഹിത്യത്തിനെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയും ശക്തമായ വെല്ലുവിളികൾ ഉയർത്തിയ ഗുരുദേവ സന്ദേശങ്ങൾ എക്കാലവും പ്രസക്തമാണെന്നും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ പറഞ്ഞു. 165-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി കൊല്ലം യൂണിയന്റെയും ശ്രീനാരായണ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിവിധ സാഹിത്യകലാ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ വനിത കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പട്ടത്താനം സുനിൽ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ. കോളേജ് പ്രിൻസിപ്പൽ സുനിൽകുമാർ, പ്രൊഫ.ടി.വി. രാജു, ഡി. വിലസിധരൻ, നേതാജി രാജേന്ദ്രൻ, രജനി, മുണ്ടയ്ക്കൽ രാജീവൻ, ഷിബു, മങ്ങാട് ഉപേന്ദ്രൻ എന്നിവർ സംസാരിച്ചു.
മത്സര വിജയികൾക്ക് കൊല്ലം എസ്.എൻ കോളേജിൽ നടക്കുന്ന ജയന്തി ആഘോഷ സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.