ravceendran
കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു

കൊല്ലം: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ബദൽ ഇടതുപക്ഷ സാമ്പത്തിക നയങ്ങൾ മാത്രമാണെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കൊല്ലം കന്റോൺമെന്റ് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള എൽ.ഡി.എഫ് സർക്കാരിന്റെ ഇടപെടലുകൾ വിജയിക്കുന്നുണ്ട്. ബഡ്ജറ്റിലൂടെ ഇടപെടാൻ കഴിയാത്ത മേഖലകളിൽ കിഫ്ബിയിലൂടെ ഇടപെടുകയാണ്. പ്രളയകാലത്തും വിദ്യാഭ്യാസ മേഖലയിലും പൊലീസ് നടത്തിയ ഇടപെടലുകൾ അത്ഭുതകരമാണ്.

രാജ്യത്ത് ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന പൊലീസാണ് കേരളത്തിന്റേത്. പൊലീസിനെതിരെ ഉയരുന്ന വിമർശനങ്ങൾ സ്വാഭാവികമാണ്. വിമർശനങ്ങളെ പാഠപുസ്‌തകങ്ങളായി എടുക്കണമെന്നും മന്ത്രി പറഞ്ഞു. പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.എസ്.ബൈജു അദ്ധ്യക്ഷത വഹിച്ചു. മേയർ വി. രാജേന്ദ്രബാബു, ഹെഡ് ക്വാർട്ടേഴ്സ് ഐ.ജി പി. വിജയൻ, കെ.പി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു, കെ.പി.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഐ. മാർട്ടിൻ, സ്വാഗതസംഘം വൈസ് ചെയർമാൻ വി.പി. ബിജു എന്നിവർ പ്രസംഗിച്ചു.

ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ എസ്. ഷൈജു വരവ് ചെലവ് കണക്കുകളും സംസ്ഥാന കമ്മിറ്റിയംഗം പി. മണികണ്ഠൻ ഓഡിറ്റ് റിപ്പോർട്ടും സംസ്ഥാന നിർവാഹക സമിതിയംഗം എസ്.ആർ. ഷിനോദാസ് പ്രമേയവും അവതരിപ്പിച്ചു. വൈകിട്ട് നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു.