കൊല്ലം: പോളയത്തോട് റെയിൽവേ ലെവൽ ക്രോസിന് കുറുകെയുള്ള മേല്പാലത്തിന്റെ വിശദ രൂപരേഖ തയ്യാറാക്കൽ അന്തിമഘട്ടത്തിലെത്തി. രൂപരേഖ തയ്യാറായാലുടൻ അംഗീകാരത്തിനായി റെയിൽവേക്കും സംസ്ഥാന സർക്കാരിനും സമർപ്പിക്കും.
സംസ്ഥാനത്തെ റെയിൽവേ വികസനത്തിനുള്ള സംസ്ഥാന സർക്കാരിന്റെയും റെയിൽവേയുടെയും സംയുക്ത സംരംഭമായ കെ.ആർ.ഡി.സി.എല്ലിനാണ് (കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) പാലത്തിന്റെ നിർമ്മാണ ചുമതല. പോളയത്തോട് ഉൾപ്പടെ 27 മേല്പാലങ്ങളുടെ നിർമ്മാണ ചുമതലയാണ് സംസ്ഥാന സർക്കാർ കെ.ആർ.ഡി.സി.എല്ലിന് കൈമാറിയിട്ടുള്ളത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടതടക്കം തടസങ്ങളില്ലെങ്കിൽ ആദ്യഘട്ടത്തിൽ തന്നെ പോളയത്തോട് മേല്പാലത്തിന്റെ നിർമ്മാണം ആരംഭിക്കാനാണ് കെ.ആർ.ഡി.സി.എല്ലിന്റെ ആലോചന.
മേല്പാലം നിർമ്മിക്കാനായി 158.04 സെന്റ് ഭൂമി ഏറ്റെടുക്കാൻ ഈമാസം ആദ്യം കളക്ടറെ ചുമതലപ്പെടുത്തി റവന്യു വകുപ്പ് ഉത്തരവിറക്കിയിരുന്നു. വിശരൂപരേഖയ്ക്ക് അംഗീകാരം ലഭിച്ച് ഭൂമി വിട്ടുനൽകുന്നവരുമായുള്ള ചർച്ച, സാമൂഹ്യാഘാത പഠനം എന്നിവയ്ക്ക് ശേഷം സ്ഥലം ഏറ്റെടുപ്പിലേക്ക് കടക്കും.
അപ്രോച്ച് റോഡ് സഹിതം 400 മീറ്ററാണ് മേല്പാലത്തിന്റെ നീളം. 30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാലം നിർമ്മാണത്തിനുള്ള ചെലവ് സംസ്ഥാന സർക്കാരും റെയിൽവേയും തുല്യമായി വഹിക്കും. സ്ഥലം ഏറ്റെടുപ്പിനുള്ള ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കും.
പോളയത്തോട് മേല്പാലം
ചെലവ്: 30 കോടി രൂപ
400 മീറ്റർ നീളം (അപ്രോച്ച് റോഡ് സഹിതം)
10.5 മീറ്റർ വീതി
1.5 മീറ്റർ വീതിയിൽ ഒരുവശത്ത് നടപ്പാത
പാലത്തിനടിയിൽ സർവീസ് റോഡ്
നിർമ്മാണ ചുമതല: കേരളാ റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്
'' മേല്പാലം നിർമ്മാണം എത്രയും വേഗം ആരംഭിക്കണം. ലെവൽക്രോസ് എല്ലാ യാത്രകളും തടസപ്പെടുത്തുകയാണ്. അത്യാസന്ന നിലയിലുള്ളവരുമായി പോകുന്ന വാഹനങ്ങൾ ഗേറ്റിന് മുന്നിൽപ്പെടുന്നത് പതിവാണ്. പോളയത്തോടുകാർക്ക് പുറമേ സമീപ പ്രദേശങ്ങളിലുള്ളവർക്കും മേല്പാലം ഏറെ പ്രയോജനം ചെയ്യും.''
ആർ. റാണി,
ചായക്കടമുക്ക്