accident
കെ.എസ്.ആർ.ടി. സി ഓർഡിനറി ബസ് നിയന്ത്രണംവിട്ടു കടപ്പാക്കട പെട്രോൾ പമ്പിന് സമീപമുള്ള കടയിലേക്ക് ഇടിച്ചുകയറിയനിലയിൽ

കൊല്ലം: കടപ്പാക്കടയിൽ നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് പാതയോരത്തെ കടയിലേക്ക് ഇടിച്ച് കയറി. ഇന്നലെ ഉച്ചയ്‌ക്ക് 2.50ന് ശക്തമായ മഴ പെയ്യുന്നതിനിടെയായിരുന്നു അപകടം. ബസിലെ യാത്രക്കാരും കടയിലുണ്ടായിരുന്നവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചിന്നക്കടയിൽ നിന്ന് കുണ്ടറ ഭാഗത്തേക്ക് പോയ ബസ് കടപ്പാക്കടയ്ക്ക് സമീപത്തെ പെട്രോൾ പമ്പ് കഴിഞ്ഞയുടനെയാണ് അപകടത്തിൽപ്പെട്ടത്.

കടയിലേക്ക് ഇടിച്ചു കയറിയ ബസിന്റെ മുൻവശത്തെ ഇടത് ചക്രം താഴ്‌ചയിലേക്ക് ഇറങ്ങിയ നിലയിലായിരുന്നു. മിനിട്ടുകൾക്കുള്ളിൽ അപകട സ്ഥലത്തെത്തിയ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടതുഭാഗത്ത് റോഡ് നിരപ്പിനേക്കാൾ താഴ്‌ചയുള്ള കുഴിയായതിനാൽ യാത്രക്കാരെയെല്ലാം ഡ്രൈവർ സീറ്റിലൂടെയാണ് പുറത്തിറക്കിയത്. ഇടിയുടെ ആഘാതത്തിൽ കട ഭാഗികമായി തകർന്നു.