kadavur
തകർന്ന് കിടക്കുന്ന ബൈപ്പാസ് ഒറ്റക്കല്ല് ജംഗ്ഷൻ- കടവൂർ റോഡ്

 അപകടങ്ങൾ പെരുകുന്നു

കൊല്ലം: റോഡ് തകർന്ന് ചെളിക്കുളമായ ബൈപ്പാസ് ഒറ്റക്കല്ല് ജംഗ്ഷനിൽ അപകടങ്ങൾ പെരുകുന്നു. ബൈപ്പാസ് ഒറ്റക്കല്ല് ജംഗ്ഷനോട് ചേർന്ന് കടവൂരിൽ നിന്നുള്ള റോഡാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്.

ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായാണ് കടവൂരിൽ നിന്നുള്ള റോഡ് 50 മീറ്ററോളം നീളത്തിൽ വെട്ടിപ്പൊളിച്ചത്. ബൈപ്പാസ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും വെട്ടിപ്പൊളിച്ച റോഡ് അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറായിട്ടില്ല. റോഡ് തകർന്ന് കിടക്കുന്നതിനാൽ കടവൂരിൽ നിന്നുള്ള വാഹനങ്ങൾ ബൈപ്പാസിൽ കയറാനും ബുദ്ധിമുട്ടുകയാണ്.

മഴ പെയ്യുമ്പോൾ തകർന്ന് കിടക്കുന്നിടം പൂർണമായും വെള്ളക്കെട്ടാകും. ശേഷിക്കുന്ന ഭാഗത്താണ് കടവൂരിൽ നിന്നുള്ള വാഹനങ്ങൾ സിഗ്നലിനായി കാത്തുനിൽക്കുന്നത്. റോഡ് പൂർണമായും ഉപയോഗിക്കാൻ കഴിയാത്തതിനാൽ സിഗ്നൽ അവസാനിക്കും മുമ്പേ വാഹനങ്ങൾക്ക് ബൈപ്പാസിൽ കയറാനും കഴിയുന്നില്ല. സിഗ്നലിൽപ്പെടാതെ ബൈപ്പാസിൽ കയറാനുള്ള വാഹനങ്ങളുടെ ശ്രമമാണ് പലപ്പോഴും അപകടങ്ങൾക്ക് വഴി വയ്ക്കുന്നത്.

റോഡ് എത്രയും വേഗം അറ്റകുറ്റപ്പണി നടത്തണമെന്ന് പ്രദേശവാസികൾ പലതവണ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തിരഞ്ഞുനോക്കിയിട്ടില്ലെന്നാണ് ആക്ഷേപം.