road
കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ഇടപ്പാളയം ലക്ഷം വീടിന് സമീപത്തെ കഴിഞ്ഞ വർഷം ഇടിഞ്ഞു വീണ പാതയോരത്ത് മൺ ചാക്ക് അടുക്കിയിരിക്കുന്നു

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ (എൻ.എച്ച് 744) പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള ഭാഗങ്ങൾ നവീകരിക്കുമ്പോൾ ഇടപ്പാളയത്തെ തകർന്ന പാതയോരത്ത് പുതിയ പാർശ്വഭിത്തി നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാവുന്നു. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിലാണ് ദേശിയ പാതയോരത്തെ കഴുതുരുട്ടി ആറ്റു തീരം ഇടിഞ്ഞു പോയത്. ഇപ്പോൾ പാതയോരത്ത് താൽക്കാലികമായി മൺചാക്ക് അടുക്കിയെങ്കിലും ശക്തമായ മഴയത്ത് ഇത് ഇടിഞ്ഞു വീഴുന്ന അവസ്ഥയാണ്. പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള ദേശിയ പാത 40 കോടി രൂപ ചെലവഴിച്ചു നവികരിക്കുന്നതിനൊപ്പം തെന്മല എം.എസ്.എല്ലിൽ കഴിഞ്ഞ വർഷം ഇടിഞ്ഞിറങ്ങിയ പാതയോരത്ത് പുതിയ പാർശ്വഭിത്തി നിർമ്മിക്കുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇടപ്പാളയത്ത് പാർശ്വഭിത്തി ഇടിഞ്ഞു ആറ്റിലേക്ക് വീണത് പുനർ നിർമ്മിക്കാൻ തൽക്കാലം പദ്ധതിയില്ലെന്നും പറയുന്നു. ദേശീയ പാത നവീകരിക്കുമ്പോൾ ഇടപ്പാളയത്ത് തകർന്ന പാർശ്വഭിത്തി കെട്ടി പാതയോരം ബലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നാട്ടുകാർക്ക് ആശങ്ക

അന്തർ സംസ്ഥാന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് അടക്കം ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന ഇടപ്പാളയം ലക്ഷം വീടിന് സമീപത്തെ ദേശീയ പാതയോരമാണ് ഇടിഞ്ഞു ആറ്റിലേക്ക് വീണത്. പാതയോരത്ത് മൺചാക്ക് അടുക്കിയത് കനത്ത മഴയിൽ ഒലിച്ചു പോകുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. ഇത് കൂടാതെ കഴുതുരുട്ടി ആറ്റിലെ ജലനിരപ്പ് ഉയർന്നാലും പാതയോരത്ത് അടുക്കിയ മൺചാക്കുകൾ ഒലിച്ച് പോകാനുളള സാദ്ധ്യതയും ഉണ്ട്. ഇതിന് സമീപത്താണ് കഴുതുരുട്ടി ആറ്റിന് മദ്ധ്യേയുള്ള തടയണ സ്ഥിതി ചെയ്യുന്നത്. മഴയത്ത് ആറ്റിലെ ജലനിരപ്പ് ഉയരുന്നതും പാതയോരത്തിന് ഭീഷണിയാണ്.